ആദായ നികുതി പരിഷ്കരണം: ഫ്രാൻസിൽ ശന്പള ബിൽ കണ്ട് ജീവനക്കാർ ഞെട്ടി
Saturday, February 9, 2019 9:28 PM IST
പാരീസ്: ഫ്രാൻസിൽ പ്രഖ്യാപിച്ച ആദായ നികുതി പരിഷ്കരണത്തിന്‍റെ ആദ്യ ആഘാതം ജനുവരിയിലെ ശന്പള ബില്ലിൽ പ്രതിഫലിക്കുന്നു. വരുമാനത്തിൽ ഗണ്യമായ കുറവു കണ്ടതിന്‍റെ ഞെട്ടലിലാണ് പല മേഖലകളിലെയും ജീവനക്കാർ.

പലരും മാനസികമായ ആഘാതത്തിൽ തന്നെയാണെന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചെറിയ വരുമാനക്കാർക്കു പോലും വലിയ വെട്ടിക്കുറവ് വന്നത് കടുത്ത പ്രതിഷേധങ്ങൾക്കു കാരണമാകുന്നു.

നികുതി പരിഷ്കരണം നേരത്തെ പ്രഖ്യാപിക്കുകയും കടുത്ത പ്രതിഷേധങ്ങളെ അവഗണിച്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണ്‍ മുന്നോട്ടു കൊണ്ടുപോകുകയുമായിരുന്നു.

പുതിയ സംവിധാനം അനുസരിച്ച് ശന്പളത്തിൽ നിന്നും പെൻഷനിൽനിന്നും നേരിട്ടാണ് ആദായ നികുതി പിടിക്കുന്നത്. മറ്റു വരുമാനങ്ങളുണ്ടെങ്കിൽ അതിൽനിന്നും നികുതി പിടിച്ച ശേഷമേ ലഭ്യമാകൂ. വർഷാവർഷം നികുതി അടയ്ക്കുന്ന സന്പ്രദായം അവസാനിപ്പിച്ച് മാസാമാസം പിടിക്കുകയും ചെയ്യും.

യഥാർഥത്തിൽ തുക വച്ചു നോക്കിയാൽ നികുതി വർധനയില്ല. ശന്പളത്തിൽ നിന്നു നേരിട്ടു പിടിക്കുന്നതിനാലാണ് ശന്പള ബില്ലുകൾ ഞെട്ടിക്കുന്നത് എന്നതാണ് യാഥാർഥ്യം. മുൻപ് കൃത്യമായി അടച്ചിട്ടില്ലാത്തവർക്കും പരിഷ്കരണം ബാധ്യതയാകും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ