ജീവിതം തുടങ്ങും മുമ്പേ പ്രിയതമൻ യാത്രയായി; കലാവതി തനിച്ചായി
Saturday, February 16, 2019 8:55 PM IST
ബംഗളൂരു: ആറുമാസം മുമ്പാണ് മാണ്ഡ്യ സ്വദേശിയായ സിആർപിഎഫ് ജവാൻ എച്ച്. ഗുരുവും കലാവതിയും ഒരുമിച്ച് ജീവിതം ആരംഭിച്ചത്. എന്നാൽ അവരുടെ സ്വപ്നങ്ങൾക്ക് കരിനിഴൽ വീഴ്ത്തി പുൽവാമയിൽ ഗുരുവിനെ മരണം തട്ടിയെടുത്തു. ജീവിച്ചുതുടങ്ങുംമുമ്പേ പ്രിയതമൻ യാത്രയായത് ഇപ്പോഴും കലാവതിക്ക് വിശ്വസിക്കാനാകുന്നില്ല.

മരിക്കുന്നതിനു മുമ്പ് ഗുരു വിളിച്ചിരുന്നെങ്കിലും കലാവതിക്ക് ഫോൺ എടുക്കാനായില്ല. പിന്നീട് തിരിച്ചുവിളിച്ചെങ്കിലും കിട്ടിയില്ല. കൊല്ലപ്പെടുന്നതിനു മണിക്കൂറുകൾ മുമ്പ് അമ്മ ചിക്കതായമ്മയോട് ഗുരു ഫോണിൽ സംസാരിച്ചിരുന്നു. എന്നാൽ അവസാനമായി തന്‍റെ പ്രിയതമന് തന്നോട് എന്താണ് പറയാനുണ്ടായിരുന്നതെന്നു പോലും അറിയാനാകാതെ പോയത് കലാവതിയുടെ ദുഃഖം ഇരട്ടിയാക്കുന്നു.

ആക്രമണവാർത്ത ടിവിയിൽ കണ്ടപ്പോൾ മുതൽ പൂജാമുറിയിലെ മഹാദേശ്വര വിഗ്രഹത്തിനു മുന്നിൽ വിളക്കുതെളിച്ച് ഗുരുവിനു വേണ്ടി പ്രാർഥനയിലായിരുന്നു കലാവതിയും ചിക്കതായമ്മയും. എന്നാൽ, വീട്ടിലേക്ക് നിലയ്ക്കാതെ ഫോൺകോളുകൾ എത്തിയതോടെ അവരുടെ പ്രതീക്ഷകൾ അസ്തമിച്ചു. വെള്ളിയാഴ്ച പുലർച്ചെയോടെ പ്രതിരോധമന്ത്രാലയം മരണപ്പെട്ടവരുടെ പട്ടിക പുറത്തിറക്കിയതോടെ ആ വീട് കണ്ണീർക്കടലായി.

"രാജ്യത്തെ സേവിച്ച എന്‍റെ ഭർത്താവിനെയും സഹപ്രവർത്തകരെയും കൊന്നതുകൊണ്ട് അവർ‌ എന്താണ് നേടിയത്. ഭീകരർക്ക് തക്ക മറുപടി നല്കണം, എന്നാലേ ഗുരുവിന്‍റെ ആത്മാവിന് ശാന്തി കിട്ടൂ.'- 22കാരിയായ കലാവതി പറയുന്നു. വെള്ളിയാഴ്ച ഗുരുവിന്‍റെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പ കുടുംബത്തിന് ധനസഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇത് നിരസിച്ച കലാവതി തനിക്ക് ഒരു സഹായവും വേണ്ടെന്നും ഭർത്താവിന്‍റെ മുഖം മാത്രം കണ്ടാൽ മതിയെന്നുമാണ് പറഞ്ഞത്.

മദ്ദൂർ താലൂക്കിലെ ഗുഡിഗരെയിൽ ഹൊന്നയ്യയുടെ മകനായ എച്ച്. ഗുരു (33) എട്ടുവർഷം മുമ്പാണ് സിആർപിഎഫിൽ ചേർന്നത്. ജാർഖണ്ഡിൽ 94 ബറ്റാലിയന്‍റെ ഭാഗമായിരുന്ന ഗുരു അടുത്തിടെയാണ് 82 ബറ്റാലിയനൊപ്പം ശ്രീനഗറിൽ ജോലി ആരംഭിച്ചത്. അടുത്തിടെ അവധിക്ക് നാട്ടിലെത്തിയിരുന്ന ഗുരു ഈമാസം പത്തിനാണ് തിരികെ മടങ്ങിയത്. ഒന്നാം വിവാഹവാർഷികത്തിന് തിരികെയെത്താമെന്ന് കലാവതിക്ക് ഉറപ്പുനല്കിയാണ് ഗുരു മടങ്ങിയത്. എന്നാൽ ആ വാഗ്ദാനം പൂർത്തിയാക്കാൻ കഴിയുന്നതിനു മുമ്പേ മരണം ആ വീരജവാനെ തട്ടിയെടുത്തു.

ഗുരുവിന്‍റെ മരണത്തിൽ അനുശോചനം അറിയിച്ച മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി അദ്ദേഹത്തിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരവും കലാവതിക്ക് സർക്കാർ ജോലിയും നല്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ നിർദേശം നല്കിയിരുന്നു.