ലെസ്റ്റർ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ സീറോ മലബാർ വിശുദ്ധ കുർബാനയുടെ പുനഃ സ്ഥാപനം ഭക്തി നിർഭരമായി
Monday, February 18, 2019 7:19 PM IST
ലെസ്റ്റർ: യുകെയിൽ ഏറ്റവും കൂടുതൽ മലയാളികൾ തിങ്ങി പാർക്കുന്ന പ്രദേശങ്ങളിൽ ഒന്നായ ലെസ്റ്ററിലെ സീറോ മലബാർ മക്കളുടെ പ്രാർഥനയുടെയും കാത്തിരിപ്പിനും ഇന്നലെ വിരാമമായി. സ്തുതി കീർത്തനങ്ങളും നന്ദി നിറഞ്ഞ ഹൃദയവുമായി എത്തിച്ചേർന്ന നൂറുകണക്കിന് വിശ്വാസി കളുടെ സാന്നിധ്യത്തിൽ മദർ ഓഫ് ഗോഡ് പള്ളിയിൽ എല്ലാ ഞായറാഴ്ചയും ഉള്ള സീറോ മലബാർ വിശുദ്ധ കുർബാന പുനഃ സ്ഥാപിച്ചു. ഒരു തിരുനാളിന്‍റെ പ്രതീതിയിൽ നടന്ന തിരുക്കർമങ്ങൾക്കു കാർമികത്വം വഹിച്ചത് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലാണ് ലെസ്റ്ററിലെ വിശ്വാസ സമൂഹത്തിന്‍റെ യാത്രയുടെ , അനുഭവങ്ങളെ ഇസ്രയേലിന്‍റെ ചരിത്ര അവര്‍ത്തനമായിട്ടാണ് വിശുദ്ദ കുർബാന മധ്യേ രൂപതാധ്യക്ഷൻ വിശേഷിപ്പിച്ചത്.

വാഗ്ദത്ത ഭൂമി നഷ്ടപെട്ട ഇസ്രായേല്‍ പ്രവാസത്തിലായതുപോലെ. അരീക്കാട്ടച്ചനിലൂടെ ബ്ലെസഡ് സാക്രമെന്‍റ് ദേവാലയത്തില്‍ തുടങ്ങിയ പ്രയാണം ചെറിയ ഇടവേളയ്ക്കു ശേഷം ലെസ്റ്ററില്‍ പുനാരാവിഷ്‌കരിക്കപ്പെട്ടിരിക്കുകയാണ്. വീണ്ടും ദൈവം ഇസ്രയേലിനെ തിരിച്ചു വാഗ്ദത്ത നാട്ടിലേക്കു കൊണ്ടുവന്നതുപോലെ ദൈവാനുഗ്രഹത്തിന്‍റെ അസുലഭ നിമിഷങ്ങൾക്ക് മദര്‍ ഓഫ് ഗോഡ് ദേവാലയം സാക്ഷിയായി . പരിശുദ്ധ അമ്മയുടെസജീവ സാക്ഷ്യമായി നിലകൊള്ളുന്ന ദേവാലയത്തിലെ ശുശ്രൂഷകളിലൂടെ മിശിഹായ്ക്കു സജീവ സാക്ഷികൾ ആകാനും പരിശുദ്ധ അമ്മയുടെ ശുശ്രൂക്ഷകരാകാനും സമൂഹം തയാറാകണമെന്നു മാർ സ്രാന്പിക്കൽ ആഹ്വാനം ചെയ്തു.

വികാരി ഫാ. ജോര്‍ജ് ചേലക്കലിന്റെ ക്ഷമയും അനുസരണവും ഏറെ പ്രശംസനീയമാണെന്ന് പിതാവ് എടുത്തുപറഞ്ഞു. സീറോ മലബാര്‍ സഭയ്ക്കുവേണ്ടിയും ഗ്രേറ്റ് ബ്രിട്ടൻ രൂപതയ്ക്ക് വേണ്ടിയും ഈ വലിയ ഉത്തരവാദിത്ത്വം ഏറ്റെടുക്കുവാനുള്ള അച്ചന്‍റെ സുമനസിനെ അദ്ദേഹം പ്രശംസിച്ചു.

സഭയോട് ചേര്‍ന്ന് വിശ്വാസ ജീവിതം ശക്തമായി കെട്ടിപ്പടുക്കാനും ഭാവിയില്‍ മിഷനായി മാറി പൂര്‍ണ ഇടവക സമൂഹമായി മാറുവാനുമുള്ള അവസരമാണ് ഇതിലൂടെ കൈവന്നിരിക്കുന്നത്. തുടര്‍ന്നുള്ള എല്ലാ ഞായറാഴ്ചകളിലും ഇവിടെ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. സ്നേഹ വിരുന്നോടെ പരിപാടികൾ സമാപിച്ചു.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ