'ഹോളി ക്വീൻ ഓഫ് റോസരി' മിഷനു ഹെയർഫീൽഡിന് തുടക്കമായി
Monday, February 18, 2019 7:29 PM IST
ഹെയർഫീൽഡ് : ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത പ്രാദേശികാടിസ്ഥാനത്തിൽ വിവിധ കുർബാന കേന്ദ്രങ്ങളെ സംയോജിപ്പിച്ച് മിഷനുകളായി ഉയർത്തുന്ന പ്രാഥമിക നടപടികളുടെ ഭാഗമായി ഹെയർഫീൽഡ് കേന്ദ്രീകരിച്ചു 'ഹോളി ക്വീൻ ഓഫ് റോസരി മിഷനു' തുടക്കം കുറിച്ചു. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് ഇടയ സന്ദർശനത്തിനിടയിൽ പ്രസ്തുത മിഷന്‍റെ ഉദ്ഘാടന കർമം ലണ്ടനിൽ നിർവഹിച്ചത്.

കഴിഞ്ഞ ദിവസം പ്രീസ്റ്റ് ഇൻ ചാർജ് ഫാ.സെബാസ്റ്റ്യൻ ചാമക്കാലയുടെ മുഖ്യ കാർമികത്വത്തിൽ മിഷന്‍റെ പ്രഥമ വിശുദ്ധ ബലി അർപ്പണത്തോടെ ഹോളി ക്വീൻ ഓഫ് റോസരി മിഷനു ആല്മീയോർജ്ജം പകർന്നു കൊണ്ട് പ്രവർത്തനങ്ങൾക്ക് തുടക്കമായി.

ഹെയർഫീൽഡ്, ഹൈവേ കോംബ്, വാറ്റ് ഫോർഡ് എന്നീ കുർബാന കേന്ദ്രങ്ങൾ സംയോജിപ്പിച്ചിട്ടാണ് ഹെയർഫീൽഡ് കേന്ദ്രമായി മിഷൻ ആരംഭിക്കുന്നത്.സെബാസ്റ്റ്യൻ അച്ചൻ നൽകിയ കത്തിച്ച മെഴുതിരി മൂന്നു സെന്‍ററുകളുടെയും ട്രസ്റ്റിമാർ സ്വീകരിച്ച്‌, പ്രാർഥനകൾ ഏറ്റു ചൊല്ലിക്കൊണ്ട് വിശ്വാസ നിറവിൽ മിഷനു ആരംഭം കുറിക്കുകയായിരുന്നു. ജോമോൻ (ഹെയർഫീൽഡ്), ഷാജി (വാറ്റ് ഫോർഡ്), മഞ്ജു (ഹൈവേ കോംബ്) എന്നിവർ വിവിധ സെന്‍ററുകളെ പ്രതിനിധീകരിച്ചു.

മൂന്നു കുർബാന കേന്ദ്രങ്ങളിൽ നിന്നും പുതിയ മിഷനു ആവേശപൂർവമായ അംഗീകാരം ആണ് തിങ്ങി നിറഞ്ഞ വിശ്വാസികളുടെ പങ്കാളിത്തം വെളിവാക്കുന്നത്.

പുതിയ മിഷന്‍റെ പ്രീസ്റ്റ് ഇൻ ചാർജ് ഫാ. സെബാസ്റ്റ്യൻ ചാമക്കാല ആല്മീയ പ്രവർത്തനങ്ങളിലും ശുശ്രൂഷകളിലും ഏവരുടെയും നിസീമമായ സഹകരണവും പങ്കാളിത്തവും അഭ്യർഥിക്കുകയും നിർലോഭമായ പിന്തുണയ്ക്കു മിഷനു വേണ്ടി നന്ദി പ്രകാശിപ്പിക്കുകയും കുട്ടികളുടെ മതബോധന പരിശീലനത്തിന്‍റെ അനിവാര്യത എടുത്തു കാണിക്കുകയും ചെയ്തു.

മിഷൻ കേന്ദ്രത്തിന്‍റെ വിലാസം: St. Paul's Church, Harefield Merle Avenue, Uxbridge UB9 6DG.

റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ