കാത്തിരിപ്പിന് വിരാമം; സിറ്റി റെയിൽവേ സ്റ്റേഷൻ- മെട്രോ സ്റ്റേഷൻ ആകാശപ്പാത തുറന്നുകൊടുത്തു
Monday, February 18, 2019 10:25 PM IST
ബംഗളൂരു: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ, സിറ്റി റെയിൽവേ സ്റ്റേഷനെയും മെട്രോ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന ആകാശപ്പാത യാത്രക്കാർക്ക് തുറന്നുകൊടുത്തു. ഇന്നലെ കേന്ദ്രമന്ത്രി സദാനന്ദഗൗഡയാണ് പാതയുടെ ഉദ്ഘാടനം നിർവഹിച്ചത്. സിറ്റി റെയിൽവേ സ്റ്റേഷന്‍റെ പത്താം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നാണ് ആകാശപ്പാത തുടങ്ങുന്നത്.

റെയിൽവേയും ബംഗളൂരു മെട്രോ റെയിൽ കോർപറേഷനും ചേർന്ന് 2016ലാണ് ആകാശപ്പാതയുടെ നിർമാണം ആരംഭിച്ചത്. രണ്ടുകോടിയോളം രൂപയാണ് ഇതിനായി ചെലവ് കണക്കാക്കിയത്. എന്നാൽ, തുക കൈമാറുന്നതിൽ മെട്രോ റെയിൽ കോർപറേഷൻ വീഴ്ച വരുത്തിയതോടെ നിർമാണജോലികൾ നിർത്തിവയ്ക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബറിൽ ഈ തുക ബിഎംആർസിഎൽ കൈമാറിയതോടെയാണ് പദ്ധതി പുനരാരംഭിച്ചത്.

ആകാശപ്പാത യാഥാർഥ്യമാകുന്നതോടെ യാത്രക്കാരുടെ ചിരകാല ആഗ്രഹമാണ് സഫലമാകുന്നത്. നിലവിൽ മെട്രോ സ്റ്റേഷനിൽ നിന്നിറങ്ങുന്ന യാത്രക്കാർക്ക് തിരക്കേറിയ റോഡ് മുറിച്ചുകടന്നുവേണം സിറ്റി റെയിൽവേ സ്റ്റേഷനിലെത്താൻ. ആകാശപ്പാത എത്തുന്നതോടെ ഈ ബുദ്ധിമുട്ടിന് പരിഹാരമാകും. മെട്രോയിൽ വന്നിറങ്ങുന്ന യാത്രക്കാർക്കാ‍യി നടപ്പാത അവസാനിക്കുന്ന പ്ലാറ്റ്ഫോമിനോട് ചേർന്ന് ടിക്കറ്റ് കൗണ്ടറും ഒരുക്കുന്നുണ്ട്.

യശ്വന്തപുര റെയിൽവേ സ്റ്റേഷന്‍റെ മുഖം മിനുക്കുന്ന പദ്ധതിയുടെ ശിലാസ്ഥാപനവും സദാനന്ദഗൗഡ നിർവഹിച്ചു. വിമാനത്താവളത്തിനു സമാനമായ രീതിയിലാണ് റെയിൽവേ സ്റ്റേഷൻ‌ മോടിപിടിപ്പിക്കുന്നത്. യാത്രക്കാർക്കുള്ള സൗകര്യങ്ങളും ഇതോടൊപ്പം വർധിപ്പിക്കും.