പാക്കിസ്ഥാൻ പതാകയെ ടോയ് ലറ്റ് പേപ്പറുമായി ബന്ധിപ്പിച്ച് ഗൂഗ്ൾ സെർച്ച്
Tuesday, February 19, 2019 11:08 PM IST
ബർലിൻ: ഗൂഗ്ൾ സെർച്ച് അൾഗോരിതം ഹൈജാക്ക് ചെയ്ത് പാക്കിസ്ഥാൻ പതാകയെ ടോയ് ലറ്റ് പേപ്പറുമായി ബന്ധിപ്പിച്ച് ഹാക്കർമാർ. കാഷ്മീരിൽ നാൽപ്പത് ഇന്ത്യൻ ജവാൻമാർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിനു ശേഷമാണ് ഗൂഗ്ൾ സെർച്ച് റിസൽറ്റുകൾ ഇങ്ങനെ കണ്ടു തുടങ്ങിയത്. ലോകത്തെ ഏറ്റവും മികച്ച ടോയ് ലറ്റ് പേപ്പർ എന്ന സെർച്ച് ചെയ്യുന്പോഴാണ് പാക് പതാകയുടെ ചിത്രങ്ങൾ കിട്ടുന്നത്.

ഒരിക്കൽ ഇങ്ങനെ കണ്ടു തുടങ്ങിയ ശേഷം രണ്ടും ബന്ധപ്പെടുത്തി സെർച്ച് ചെയ്തു നോക്കുന്നവരുടെ എണ്ണവും ഗണ്യമായി വർധിച്ചു. സ്വാഭാവികമായും ഇതുവഴി ഈ റിസൽറ്റ് കൂടുതൽ പ്രാധാന്യത്തോടെ കാണിക്കാനും തുടങ്ങി. ഇതു സംബന്ധിച്ച വാർത്തകളും വന്നു തുടങ്ങിയതോടെ സെർച്ചിൽ ഇതും കയറി വരുന്നു. ഇതോടെ ഇമേജ് സെർച്ചിൽ ബെസ്റ്റ് ടോയ് ലറ്റ് പേപ്പർ എന്നു കൊടുത്താൽ പേജ് നിറയെ പാക് പതാകയായി.

വിഷത്തെക്കുറിച്ചു പ്രതികരിക്കാൻ ഗൂഗ്ൾ ഇതുവരെ തയാറായിട്ടില്ല. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവരെക്കുറിച്ചും ഇത്തരത്തിൽ അപമാനകരമായ സെർച്ച് റിസൾറ്റുകൾ വരുന്നത് നേരത്തെ വാർത്തയായിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ