മെൽബണ്‍ സീറോ മലബാർ കത്തീഡ്രൽ ഇടവകയിൽ തിരുനാൾ ഫെബ്രുവരി 24 ന്
Thursday, February 21, 2019 7:55 PM IST
മെൽബണ്‍: സെന്‍റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രലിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഫെബ്രുവരി 24ന് (ഞായർ) ആഘോഷിക്കുന്നു.

തിരുനാളിന് ഒരുക്കമായുള്ള നൊവേന ഇടവകയുടെ വിവിധ ഭാഗങ്ങളിലുള്ള ദേവാലയങ്ങളിൽ ഫെബ്രുവരി 16 മുതൽ ആരംഭിച്ചു. ക്യാംന്പെൽ ഫീൽഡിലെ സോമെർസെറ്റ് റോഡിലുള്ള കാൽദീയൻ ദേവാലയത്തിലാണ് തിരുനാൾ ദിനമായ ഫെബ്രുവരി 24 ലെ തിരുക്കർമങ്ങൾ നടക്കുന്നത്. ഉച്ചകഴിഞ്ഞ് മൂന്നിന് കത്തീഡ്രൽ വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ കൊടിയേറ്റു കർമം നിർവഹിക്കുന്നതോടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ പ്രത്യേകം അലങ്കരിച്ച പീഠങ്ങളിൽ പ്രതിഷ്ഠിക്കും. കഴുന്നും മുടിയും എഴുìള്ളിക്കാനും അടിമ വയ്ക്കാനുമുള്ള സൗകര്യവും ഉണ്ടായിരിക്കും. 4.30ന് നടക്കുന്ന ആഘോഷമായി തിരുനാൾ കുർബാനക്ക് മെൽബണ്‍ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ബോസ്കോ പുത്തൂർ മുഖ്യകാർമികത്വം വഹിക്കും. വികാരി ജനറാൾ മോണ്‍.ഫ്രാൻസിസ് കോലഞ്ചേരി, ചാൻസിലറും കത്തിഡ്രൽ വികാരിയുമായ ഫാ. മാത്യു കൊച്ചുപുരയ്ക്കൽ എന്നിവർ സഹകാർമികരായിരിക്കും. തുടർന്നു വിശുദ്ധരുടെ തിരുശേഷിപ്പും തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് ആഘോഷമായ പ്രദക്ഷിണം നടക്കും. സമാപന പ്രാർത്ഥകൾക്കുശേഷം 2020ലെ തിരുനാൾ ഏറ്റു കഴിക്കുന്നവരുടെ പ്രസുദേന്തി വാഴ്ചയും നടക്കും. സ്നേഹവിരുന്നോടെ ആഘോഷങ്ങൾ സമാപിക്കും.

54 പ്രസുദേന്തിമാരാണ് ഈ വർഷത്തെ തിരുനാൾ ഏറ്റെടുത്തു നടത്തുന്നത്. തിരുനാളിന്‍റെ വിജയത്തിനായി വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ, കൈക്കാരന്മാരായ ക്ലീറ്റസ് ചാക്കോ, ആന്‍റോ തോമസ്, പാരീഷ് കൗണ്‍സിൽ അംഗങ്ങൾ, പ്രസുദേന്തിമാർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.

റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ