ബ്രിട്ടീഷ് പാർലമെന്‍റിൽ ബ്രെക്സിറ്റ് വിരുദ്ധർ കരുത്താർജിക്കുന്നു
Thursday, February 21, 2019 9:59 PM IST
ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്‍റിൽ ബ്രെക്സിറ്റ് തീരുമാനം പിൻവലിക്കണമെന്ന് ആഗ്രഹിക്കുന്ന എംപിമാരുടെ എണ്ണം കുടുന്നു. പ്രതിപക്ഷ ലേബർ പാർട്ടിയിൽ നിന്നു രാജിവച്ച് സ്വതന്ത്ര ഗ്രൂപ്പായിരിക്കാൻ തീരുമാനിച്ച ഏഴ് എംപിമാർക്കൊപ്പം ലേബർ പാർട്ടിയിൽനിന്നും ഭരണകക്ഷിയായ കണ്‍സർവേറ്റിവ് പാർട്ടിയിൽ നിന്നുമായി ഇരുപതോളം എംപിമാർ കൂടി ചേരാൻ തീരുമാനിച്ചു.

സാറാ വോളസ്റ്റൻ, അന്ന സൗബ്രി, ഹെയ്ദി അല്ലൻ തുടങ്ങിയവർ തീരുമാനം പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു. കൂടുതൽ പേരുടെ തീരുമാനം വൈകാതെ പുറത്തു വരും.

ബ്രെക്സിറ്റ് വിഷയത്തിൽ പ്രധാനമന്ത്രി തെരേസ മേയും പ്രതിപക്ഷ നേതാവ് ജെറമി കോർബിനും സ്വീകരിക്കുന്ന നിലപാടുകളോട് ഒരുപോലെ എതിർപ്പുള്ളവരാണ് ഈ എംപിമാർ.

തീവ്ര വലതുപക്ഷ വാദികളായ ബ്രെക്സിറ്റ് അനുകൂലികളുടെ കരാള ഹസ്തങ്ങളിലാണിപ്പോൾ ടോറി പാർട്ടിയെന്ന് പാർട്ടി വിടാൻ തീരുമാനിച്ച എംപിമാർ എഴുതിയ കത്തിൽ ആരോപിക്കുന്നു. തനിക്കു ദുഃഖമുണ്ടെന്നും എന്നാൽ, രാജ്യത്തിന് ഏറ്റവും യോജിച്ച കാര്യം ബ്രെക്സിറ്റാണെന്നുമാണ് പ്രധാനമന്ത്രി ഇവരോടു പ്രതികരിച്ചത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ