’അഗ്ലി’ എന്ന വാക്കിന് ഉദാഹരണമായി കറുത്ത വർഗക്കാർ: ഇറ്റലിയിൽ അധ്യാപകൻ മാപ്പു പറഞ്ഞു
Saturday, February 23, 2019 10:09 PM IST
റോം: അഗ്ലി എന്ന വാക്കിന്‍റെ അർഥം പറയാൻ കറുത്ത വർഗക്കാരനായ കുട്ടിയെ ചൂണ്ടിക്കാണിച്ചതിനെത്തുടർന്ന് വിവാദ നായകനായ അധ്യാപകൻ മാപ്പു പറഞ്ഞു. മൗറോ ബോച്ചി എന്ന നാൽപ്പത്തിരണ്ടുകാരനാണ് വിവാദത്തിലായത്. ഇറ്റലിയിലാണ് സംഭവം. കറുത്ത വർഗക്കാരനായ ഒരു കുട്ടിയെ ക്ലാസ് മുറിയിൽ ജനലിനരികിൽ മാറ്റി നിറുത്തി "നീ എത്ര വികൃതനാണ്' എന്ന പറഞ്ഞ അധ്യാപകനെയാണ് താത്കാലികമായി സസ്പെൻഡ് ചെയ്തത്.

ഫോലിഗോയിലെ പ്രൈമറി സ്കൂളിൽ അധ്യാപകനാണിയാൾ. പഠിപ്പിക്കുന്നതിനിടെ കറുത്ത വർഗക്കാരനായ കുട്ടിയെ മുന്നിലേക്കു വിളിച്ചു വരുത്തി, അഗ്ലിക്ക് ഉദാഹരണമായി പ്രദർശിപ്പിച്ചുവെന്നാണ് ആരോപണം.

ഇടതുപക്ഷ പാർട്ടി പ്രവർത്തകൻ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വിവാദമായത്. ഹോളോകോസ്റ്റിനെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കാനുള്ള ഒരു പരീക്ഷണമായിരുന്നു ഇതെന്നാണ് അധ്യാപകന്‍റെ വാദം.

അബദ്ധം സംഭവിച്ചെന്നും ഇനി ആവർത്തിക്കില്ലെന്നും പറഞ്ഞാണ് മാപ്പപേക്ഷ. കുട്ടിയുടെ മുൻകൂർ അനുമതി വാങ്ങിയ ശേഷമാണ് ഉദാഹരണമായി അവതരിപ്പിച്ചതെന്നും ഇയാൾ പറയുന്നു.

സംഭവത്തെതുടർന്നു ഇതേതുടർന്ന് വിദ്യാർഥിരക്ഷിതാക്കളുടെ സംഘടനാ സംഭവത്തെ വിലയിരുത്തുകയും അധ്യാപകനെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെടുകയും വിശദികരണം ചോദിച്ചപ്പോൾ അധ്യാപകന്‍റെ മറുപടിയിങ്ങനെയും "ഇ പഠന പരിപാടി ഒരു മുഖ്യ പരീക്ഷണത്തിന്‍റെ ഭാഗമാണ്" ഇതിനെതിരെ സോഷ്യൽ മീഡിയയിലും മറ്റും എതിർപ്പുകൾ കൂടിയപ്പോൾ അധ്യാപകനെ താത്കാലികമായി സസ്പെൻഡ് ചെയ്യാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. ഇതോടൊപ്പം രക്ഷിതാക്കളും നിയമപരമായി ഈ നടപെടിയെ നേരിടാൻ തീരുമാനിച്ച് കോടതിയിൽ കേസ് ഫയൽ ചെയ്തു.

രാഷ്ട്രീയ പാർട്ടി നേതാക്കളും സംഭവത്തെ അപലപിച്ചു. ഇതുപോലെയുള്ള വിദ്യാഭ്യാസരീതിയെ ആവിഷ്കരിക്കുന്ന അധ്യാപകരുടെ യോഗ്യത മാനദണ്ഡത്തിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ