മലിനീകരണ തട്ടിപ്പ്: കോടതി കാർ ഉടമകൾക്കൊപ്പം
Saturday, February 23, 2019 10:21 PM IST
ബർലിൻ: ഫോക്സ് വാഗൻ ഡീസൽ കാറുകളിൽ മലിനീകരണം കുറച്ചു കാണിക്കുന്ന സോഫ്റ്റ് വെയർ ഘടിപ്പിച്ചെന്ന കേസിൽ കോടതി നിലപാട് പരാതിക്കാരായ കാർ ഉടമകൾക്കൊപ്പം. തട്ടിപ്പ് നടത്താനുള്ള ഉപകരണം ഘടിപ്പിച്ച കാറുകൾ വിൽക്കുന്നത്, തകരാറുള്ള ഉത്പന്നങ്ങൾ വിൽക്കുന്നതിനു തുല്യമായി കണക്കാക്കുമെന്ന് കോടതി വ്യക്തമാക്കി.

യഥാർഥത്തിൽ പുറപ്പെടുവിക്കുന്ന നൈട്രജൻ ഓക്സൈഡുകളുടെ വളരെ ചെറിയൊരംശം മാത്രം ടെസ്റ്റുകളിൽ കാണിക്കുന്ന തരത്തിലുള്ള ഉപകരണങ്ങളാണ് ഘടിപ്പിച്ചിരുന്നതെന്നും ഇത്തരം കാറുകൾ ലോകമെങ്ങും വിറ്റഴിക്കപ്പെട്ടിട്ടുള്ളതും വ്യക്തമായതാണ്.

എന്നാൽ, കാറുകൾ ഓടുന്ന സാഹചര്യത്തിൽ, ഇതൊന്നും തകരാറായി കാണാൻ കഴിയില്ലെന്നും അതിനാൽ തന്നെ നഷ്ടപരിഹാരത്തിന് ഉടമകൾക്ക് അർതയില്ലെന്നുമുള്ള നിലപാടാണ് ഫോക്സ് വാഗൻ അധികൃതർ കോടതിയിൽ സ്വീകരിച്ചിരുന്നത്. ഇതു തള്ളിയാണ് കോടതി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം, തകരാറായി കോടതി കണക്കിലെടുത്തിരിക്കുന്ന ഈ വിഷയം പരിഹരിക്കുന്നതിന് എന്തു നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കിയിട്ടില്ല.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ