എച്ച്‌വൺ എൻവൺ ഭീതിയിൽ സംസ്ഥാനം, ഫെബ്രുവരിയിൽ മാത്രം 400 കേസുകൾ
Sunday, March 3, 2019 6:35 PM IST
ബംഗളൂരു: കർണാടക വീണ്ടും എച്ച്‌വൺ എൻവൺ ഭീതിയിൽ. ആരോഗ്യവകുപ്പിന്‍റെ പുതിയ കണക്ക് അനുസരിച്ച് കഴിഞ്ഞ രണ്ടുമാസത്തിനിടെ സംസ്ഥാനത്ത് 603 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഫെബ്രുവരിയിൽ മാത്രം 400 കേസുകൾ റിപ്പോർട്ട് ചെയ്തു. 14 പേർ മരണത്തിനു കീഴടങ്ങി. കഴിഞ്ഞ രണ്ടുമാസത്തിനിടെ ബംഗളൂരു കോർപറേഷൻ പരിധിയിൽ മാത്രം 141 പേർക്കും അർബനിൽ 50 പേർക്കും രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷം സംസ്ഥാനത്ത് ആകെ 1,733 കേസുകളും ബിബിഎംപി പരിധിയിൽ 423 കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തത്. ഇത്തവണ എണ്ണം ഉയരാനാണ് സാധ്യത.

ഉഡുപ്പി, മൈസൂരു, ദക്ഷിണ കന്നഡ, ബംഗളൂരു അർബൻ, ശിവമോഗ എന്നിവിടങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിൽ വർധനയുണ്ടായി. ചൂടുകൂടിയതാണ് രോഗബാധ ഉയരാനുള്ള കാരണമായി ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നത്.

രോഗബാധിതരുടെ എണ്ണം ഉയരുന്നതിന്‍റെ പശ്ചാത്തലത്തിൽ രോഗപ്രതിരോധ നടപടികൾ ശക്തമാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. രോഗബാധ സംബന്ധിച്ച് സംസ്ഥാനത്തെ ആരോഗ്യകേന്ദ്രങ്ങളോട് വകുപ്പ് റിപ്പോർട്ട് തേടി. എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും പ്രതിരോധമരുന്നുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.