കർശന സുരക്ഷയിൽ പിയു രണ്ടാംവർഷപരീക്ഷ
Sunday, March 3, 2019 6:35 PM IST
ബംഗളൂരു: സംസ്ഥാനത്ത് രണ്ടാംവർഷ പിയു പരീക്ഷകൾക്ക് തുടക്കമായി. ആയിരം പരീക്ഷാകേന്ദ്രങ്ങളിലായി 6.82 ലക്ഷം വിദ്യാർഥികളാണ് പരീക്ഷയെഴുതുന്നത്. 2.56 ലക്ഷം വിദ്യാർഥികൾ കൊമേഴ്സ് വിഭാഗത്തിലും 2.35 ലക്ഷം വിദ്യാർഥികൾ സയൻസ് വിഭാഗത്തിലും 2.01 ലക്ഷം വിദ്യാർഥികൾ ഹ്യുമാനിറ്റീസ് വിഭാഗത്തിലുമായി പരീക്ഷയെഴുതുന്നുണ്ട്. മാർച്ച് 18 വരെയാണ് പരീക്ഷ.

കോപ്പിയടിയും ക്രമക്കേടുകളും തടയുന്നതിനായി എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും ഇത്തവണ കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ക്രമക്കേട് കണ്ടെത്താൻ സ്കൂളുകളിൽ മിന്നൽ പരിശോധന നടത്താൻ 286 ഫ്ലൈയിംഗ് സ്ക്വാഡുകളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പരീക്ഷ തുടങ്ങിക്കഴിഞ്ഞാൽ സ്കൂളിലേക്കുള്ള പ്രവേശനം കർശനമായി വിലക്കി.

ജിപിഎസ് സംവിധാനമുള്ള വാഹനങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് ചോദ്യപേപ്പറുകൾ പരീക്ഷാകേന്ദ്രങ്ങളിലെത്തിച്ചത്. സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി 2016ലെ ചോദ്യപേപ്പർ ചോർച്ചക്കേസ് പ്രതി ശിവകുമാരയ്യയെ പോലീസ് കരുതൽതടങ്കലിൽ പാർപ്പിക്കുകയും ചെയ്തിരുന്നു.