ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ചലച്ചിത്രോത്സവം
Sunday, March 3, 2019 6:37 PM IST
ബംഗളൂരു: ഉദ്യാനനഗരിക്ക് ചലച്ചിത്രവസന്തം സമ്മാനിച്ച ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരശീല വീണു. ഫെബ്രുവരി 21 മുതൽ 28 വരെ രാജാജിനഗർ ഓറിയോൺ മാളിലെ പിവിആർ സിനിമാസിലെ 11 സ്ക്രീനുകളിലായി നടന്ന ചലച്ചിത്രമേളയ്ക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്. വിവിധ ഭാഷകളിലായി ഇരുന്നൂറിലേറെ ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്.

റെട്രോസ്പെക്ടീവ്, സിനിമ ഓഫ് ദ വേൾഡ്, കൺട്രി ഫോക്കസ്, ബയോപിക്ചർ, ഹോമേജ്, നെറ്റ്പാക്, ഫിപ്രസി, ഗ്രാൻഡ് ക്ലാസിക്, ഇൻക്രഡിബിൾ ഇന്ത്യ തുടങ്ങിയ വിഭാഗങ്ങളിലാണ് പ്രദർശനം നടന്നത്. ഏഷ്യൻ, ഇന്ത്യൻ, കന്നഡ പോപ്പുലർ എന്‍റർടെയ്ൻമെന്‍റ് തുടങ്ങിയ വിഭാഗങ്ങളിലായിരുന്നു മത്സരങ്ങൾ.

ഏഷ്യൻ വിഭാഗത്തിൽ തമിഴ് സംവിധായകൻ വസന്തിന്‍റെ 'ശിവരഞ്ജിനിയും ഇന്നും സില പെൺകളും' മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ സിനിമാ വിഭാഗത്തിൽ അനാമിക ഹക്സർ സംവിധാനം ചെയ്ത 'ഗോഡെ കോ ജിലേബി ഖിലാനെ ലെ ജാ രിയാ ഹൂം' ഒന്നാമതെത്തി. ആസാമീസ് സംവിധായകൻ അരൂപ് മന്നയുടെ ആമൃത്യു ജൂറിയുടെ പ്രത്യേക പരാമർശം നേടി. കന്നഡ സിനിമാ വിഭാഗത്തിൽ പി. ശേഷാദ്രിയുടെ മൂകജ്ജിയ കനസുകളു മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. കന്നഡ സിനിമയ്ക്കുള്ള നെറ്റ്പാക് ഇന്‍റർനാഷണൽ ജൂറി പുരസ്കാരത്തിന് മൻസൂർ സംവിധാനം ചെയ്ത നതിച്ചരാമി അർഹമായി. ജനകീയ കന്നഡ ചിത്രമായി ബിഗ് ബജറ്റ് സിനിമ കെജിഎഫ് ചാപ്റ്റർ വൺ തെരഞ്ഞെടുക്കപ്പെട്ടു. ഗവർണർ വാജുഭായ് ആർ. വാല പുരസ്കാരങ്ങൾ വിതരണം ചെയ്തു.