കറാച്ചി ബേക്കറി ബോംബിട്ട് തകർക്കുമെന്ന് ഭീഷണി
Thursday, March 7, 2019 12:28 AM IST
ബംഗളൂരു: ഇന്ദിരാനഗറിലെ കറാച്ചി ബേക്കറിക്കു നേരെ വീണ്ടും ഭീഷണി. പേര് മാറ്റിയില്ലെങ്കിൽ ബേക്കറി ബോംബിട്ട് തകർക്കുമെന്നാണ് ബേക്കറി മാനേജർ പി. സുകുമാറിന്‍റെ ഫോണിലേക്ക് വന്ന ഭീഷണി. അധോലോക നേതാവ് വിക്കി ഷെട്ടി എന്ന് പരിചയപ്പെടുത്തിയയാളാണ് ഇന്‍റർനെറ്റ് കോൾ വഴി ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ ഇന്ദിരാനഗർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദക്ഷിണകന്നഡ, മംഗളൂരു എന്നിവിടങ്ങളിലായി നിരവധി കൊലപാതകക്കേസുകളിൽ പ്രതിയായ വിക്കി ഷെട്ടി തന്നെയാണോ ഭീഷണിക്കു പിന്നിലെന്നാണ് പോലീസ് അന്വേഷിക്കുന്നത്.

പുൽവാമയിലെ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെതിരേ രാജ്യത്ത് ശക്തമായ പ്രതിഷേധങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് പാക് പേരിലുള്ള ബേക്കറിക്കു നേരെയും ഭീഷണിയുണ്ടായത്. നേരത്തെ, ബേക്കറിക്കു മുന്നിൽ രാത്രി സംഘടിച്ചെത്തിയ ഒരുസംഘമാളുകൾ മുദ്രാവാക്യം വിളിക്കുകയും പേരുമാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് ജീവനക്കാർ ഫ്ളക്സ് ഉപയോഗിച്ച് പേര് മറച്ചുവയ്ക്കുയും ചെയ്തിരുന്നു. കൂടാതെ മുകൾനിലയിൽ ഇന്ത്യൻ പതാക പ്രദർശിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ ഒമ്പതുപേർ പിടിയിലായെങ്കിലും ഇവരെ ജാമ്യത്തിൽ വിട്ടയയ്ക്കുകയാണുണ്ടായത്. ഇതിനു പിന്നാലെയാണ് ബേക്കറിക്കു നേരെ ബോംബ് ഭീഷണി.

ഹൈദരാബാദ് ആസ്ഥാനമായി 1953ൽ ആരംഭിച്ച പ്രശസ്തമായ കറാച്ചി ബേക്കറിക്ക് ബംഗളൂരുവിനു പുറമേ ഡൽഹി, മുംബൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽ ശാഖകളുണ്ട്. ഹൈദരാബാദിലെ ബേക്കറിക്കു നേരെയും കഴിഞ്ഞ ദിവസം പ്രതിഷേധമുണ്ടായിരുന്നു.