ന്യൂസിലൻഡിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോകരാഷ്ട്രങ്ങൾ
Saturday, March 16, 2019 9:20 PM IST
ബർലിൻ: ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിലുണ്ടായ ഭീകരാക്രമണത്തെ ലോക നേതാക്കൾ അപലപിച്ചു. വിവിധ ലോകരാജ്യങ്ങൾ ന്യൂസിലൻഡിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ആക്രമണത്തെ ലോകം ഒരേ സ്വരത്തിൽ അപലപിച്ചു.

വിദ്വേഷത്തിനും കലാപത്തിനും ജനാധിപത്യസമൂഹത്തിൽ സ്ഥാനമില്ലെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ന്യൂസിലൻഡിൽ നടന്നത് വംശീയ ആക്രമണമാണെന്ന് തുർക്കി പ്രസിഡന്‍റ് റജീബ് ത്വയിബ് ഉർദുഗാൻ പറഞ്ഞു. ഭീകരവാദത്തിന്‍റെ എല്ലാ രൂപങ്ങളും ഭൂമിയിൽനിന്ന് തുടച്ചുനീക്കാൻ ലോകസമൂഹം ഒന്നിക്കണമെന്ന് നോർവെ പ്രധാനമന്ത്രി ഇർന സോൾബർഗ് പറഞ്ഞു.

ആക്രമണത്തിനു പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദ് പറഞ്ഞു. ഒരുതരത്തിലും ന്യായീകരിക്കാൻ പറ്റാത്ത ആക്രമണമാണിതെന്ന് ഇന്തോനേഷ്യൻ പ്രസിഡന്‍റ് ജോകോ വിദോദോ അഭിപ്രായപ്പെട്ടു.

വേദനിപ്പിക്കുന്ന വാർത്തയെന്ന് യൂറോപ്യൻ യൂണിയൻ കൗണ്‍സിൽ പ്രസിഡന്‍റ് ഡോണൾഡ് ടസ്ക്. ന്യൂസിലൻഡ് എന്ന രാജ്യത്തിന്‍റെ മഹത്വം തകർക്കാൻ ഇത്തരം ഹീനമായ ആക്രമണങ്ങൾകൊണ്ട് കഴിയില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ പറഞ്ഞു. പള്ളികളിൽ സമാധാനത്തോടെ പ്രാർഥിക്കാനെത്തിയവർക്കു മേൽ വംശീയതയുടെ വിഷം പുരണ്ട ആക്രമണം നടത്തിയത് നീതീകരിക്കാനാവില്ലെന്ന് ജർമൻ ചാൻസലർ ആംഗല മെർക്കൽ പറഞ്ഞു.

സമാധാനത്തിനും മാനവിക സമൂഹത്തിനും എതിരായ ആക്രമണമെന്നാണ് മലേഷ്യൻ ഭരണകക്ഷി നേതാവ് അൻവർ ഇബ്രാഹീം അഭിപ്രായപ്പെട്ടത്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ അഗാധദുഃഖത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായി ഓസ്ട്രേലിയയിലെയും ഫിജിയിലെയും ന്യൂസിലൻഡിലെയും അഫ്ഗാന്‍റെ നയതന്ത്രപ്രതിനിധിയായ വാഹിദുല്ല വൈസി അറിയിച്ചു.

2001ലെ സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിനു ശേഷം ഇസ് ലാം ഭീതി വർധിച്ചതായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ പറഞ്ഞു. ഭീകരാക്രമണത്തിന്‍റെ ഇരയായ ന്യൂസിലൻഡിനൊപ്പം നിൽക്കുന്നുവെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട് മോറിസണ്‍. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ അഗാധ ദുഃഖത്തിൽ പങ്കുചേരുന്നതായും ഇന്തോനേഷ്യൻ വിദേശ കാര്യമന്ത്രി റെറ്റ്നോ മർസൂദി.

ന്യൂസിലൻഡിലെ എല്ലാ പൗരന്മാർക്കും, പ്രത്യേകിച്ച് മുസ് ലിം സമൂഹത്തിെൻറ ദുഃഖത്തിൽ പങ്കുചേരുന്നതായി ഫ്രാൻസിസ് മാർപാപ്പ സന്ദേശത്തിൽ പറഞ്ഞു. ആക്രമണത്തിനിരയായവരുടെ കുടുംബാംഗങ്ങൾക്കായി പ്രാർഥിക്കുന്നുവെന്ന് ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയും അറിയിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ