ഫാ. യോഹന്നാന്‍ ജോര്‍ജ് സില്‍വര്‍ ജൂബിലി ആഘോഷനിറവില്‍
Monday, March 18, 2019 7:14 PM IST
റോം: ഫാ. യോഹന്നാന്‍ ജോര്‍ജിന്‍റെ പൗരോഹിത്യത്തിന്‍റെ സില്‍വര്‍ ജൂബിലി റോമില്‍ ആഘോഷിച്ചു. റോമിലെ സാന്‍ പൗളോ കോളജിൽ ആഘോഷത്തോടനുബന്ധിച്ചു സംഘടിപ്പിച്ച വിശുദ്ധകുര്‍ബാനയില്‍ നിരവധി പേര്‍ പങ്കെടുത്തു.അനുമോദനസമ്മേളനത്തില്‍ ഫാ. ബോസ്‌കോ ആശംസകള്‍ നേർന്നു.

ഫാ. യോഹന്നാന്‍, ദൈവശാസ്ത്രത്തില്‍ ലൈസന്‍സിഷേറ്റ് എടുക്കുവാനാണു റോമില്‍ എത്തിയത്. ഉപരിപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം റോമിനു പുറത്ത് ഇടവകയില്‍ സേവനമനുഷ്ഠിക്കുകയും അതോടൊപ്പം തുടര്‍ വിദ്യാഭ്യാസവും മുന്നോട്ട് കൊണ്ടുപോകുന്നു.

കൊല്ലം രൂപതയില്‍ മുക്കാട് ഹോളിഫാമിലി ഇടവകയിലെ കണ്ടത്തിൽ ജോര്‍ജ് അഗസ്റ്റിന്‍ - സാറാ ദന്പതികളുടെ മകനായ ഫാ. യോഹന്നാന്‍, 1980 ലാണ് കൊല്ലം മൈനര്‍ സെമിനാരിയില്‍ വൈദിക പഠനത്തിനായി ചേർന്നത്. പ്രാഥമിക പഠനത്തിനു ശേഷം ആലുവായില്‍ ദൈവശാസ്ത്രത്തില്‍ പഠനം പൂര്‍ത്തിയാക്കി. 1994 ഏപ്രില്‍ 20 വൈദികപട്ടം സ്വീകരിച്ചു. കുമ്പളം, മൊതക്കര ഇടവകയില്‍ വികാരിയായും തുടർന്നു കൊല്ലം ട്രിനിറ്റി സ്‌കൂളിൽ അധ്യാപകനായും സേവനമനുഷ്ഠിച്ചു. വെള്ളിമണ്‍ ഇടവകയില്‍ സേവനമനുഷ്ഠിക്കുന്നതോടൊപ്പം ട്രിനിറ്റി ലൈസിയം സ്‌കൂൾ പ്രിന്‍സിപ്പലായും പ്രവർത്തിച്ചിട്ടുണ്ട്.

റിപ്പോർട്ട്: ജെജി മാത്യു മാന്നാര്‍