നെതർലൻഡിൽ ട്രാമിൽ വെടിവയ്പ് ; മൂന്നു മരണം
Monday, March 18, 2019 11:10 PM IST
ഉട്ട്റസ്റ്റ്: നെതർലൻഡിലെ യൂണിവേഴ്സിറ്റി നഗമായ ഉട്ട്റസ്റ്റിൽ ഓടിക്കൊണ്ടിരുന്ന ട്രാമിൽ നടന്ന വെടിവയ്പിൽ മൂന്നു പേർ മരിച്ചു. ഒൻപതുപേർക്ക് പരിക്കേറ്റു. ഓടിക്കൊണ്ടിരുന്ന ട്രാമിന്‍റെ പുറകിലത്തെ ബോഗിയിലാണ് സംഭവം. ഉടൻതന്നെ യാത്രക്കാർ ചങ്ങലവലിച്ചു ട്രാം നിർത്തിയപ്പോൾ അക്രമി വാഗനിൽ നിന്നും ഇറങ്ങിയോടി. സിസി ടിവിയുടെ സഹായത്തോടെ ഗോക്ക്മെൻ ടാനിസ് എന്ന 37 കാരനായ തുർക്കിക്കാരനെ പോലീസ് തെരയുന്നു.

തിങ്കളാഴ്ച രാവിലെ പ്രാദേശിക സമയം 10.45 നാണ് നാടിനെ നടുക്കിയ സംഭവം. അക്രമി നീരുപാധികം വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. പരിക്കേറ്റവരിൽ സ്ത്രീകളുമുണ്ട്.

സംഭവത്തെ തുടർന്ന് സ്കൂളുകൾക്കും കിൻഡർഗാർട്ടനുകൾക്കും യൂണിവേഴ്സിറ്റികൾക്കും പോലീസ് സംരക്ഷണം നൽകിയിരിക്കുകയാണ്. സ്ഥാപനങ്ങൾ എല്ലാംതന്നെ അടച്ചു. ട്രാമിന്‍റ ഓട്ടം താൽക്കാലികമായി നിർത്തിവച്ചു. ഭീകരാക്രമണം ആണോ എന്ന് പോലീസ് പരിശോധിച്ചുവരുന്നു. സംഭവത്തിൽ ഐസിന്‍റെ കരങ്ങൾ പിന്നിലുണ്ടോ എന്നാണ് പോലീസിന്‍റെ സംശയം. നഗരത്തിൽ അപായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നഗരസഭാ മേയർ സംഭവസ്ഥലം സന്ദർശിച്ചു. പ്രധാനമന്ത്രി മാർക്ക് റൂത്തെ രാജ്യത്തെ അഭിസംബോധന ചെയ്തു. സംഭവത്തെ അദ്ദേഹം അപലപിച്ചു. രാജ്യത്തെ പടിഞ്ഞാറൻ നഗരമായ ഉട്ട്റെസ്റ്റിൽ 3,40,000 ആളുകളാണ് അധിവസിക്കുന്നത്. നെതർലൻഡ്സിലെ നാലാമത്തെ വലിയ നഗരമാണ് ഉട്ട്റെസ്റ്റ്. സംഭവത്തെ തുടർന്ന് നെതർലൻഡ്സ്/ജർമൻ അതിർത്തിയിലും പോലീസ് ജാഗ്രതയിലാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ