പദ്‌മശ്രീ കെ.കെ. മുഹമ്മദിനും ജോൺ ഫിലിപ്പോസിനും ഡൽഹി ശ്രീനാരായണ കേന്ദ്രയുടെ അനുമോദനം
Tuesday, March 19, 2019 7:35 PM IST
ന്യൂഡൽഹി : രാജ്യം പദ്‌മശ്രീ നൽകി ആദരിച്ച ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്ന കെ.കെ. മുഹമ്മദിനും ഓൾ ഇന്ത്യ മ്യൂസിയം അസോസിയേഷൻ ഏർപ്പെടുത്തിയ സമഗ്ര സംഭാവനയ്ക്കുള്ള പ്രത്യേക പുരസ്‌കാരത്തിനർഹനായ ജോൺ ഫിലിപ്പോസിനും ശ്രീനാരായണ കേന്ദ്രയുടെ അനുമോദനം.

വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ഗുരുദേവ കലാക്ഷേത്രം വിദ്യാർഥികൾ വരവേൽപ്പൊരുക്കിയാണ് രണ്ടുപേരെയും ശ്രീനാരായണ അദ്ധ്യാമിക സമുച്ചയത്തിലേക്ക് ആനയിച്ചത്.

സമുച്ചയത്തിലെ പ്രാർഥന സന്നിധിയിൽ പൂമാല ചാർത്തി അലങ്കരിച്ച ഗുരുദേവ ചിത്രത്തിനു മുമ്പിൽ നിലവിളക്കു തെളിച്ചാണ് പരിപാടികൾക്കു തുടക്കമിട്ടു. ശ്രീനാരായണ കേന്ദ്ര വൈസ് പ്രസിഡന്‍റ് ജി. ശിവശങ്കരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഹമ്മദിനെയും ജോൺ ഫിലിപ്പോസിനെയും പൊന്നാട അണിയിച്ചു. ഡിഡിഎ ലാൻഡ്‌സ് കമ്മീഷണർ സുബു റഹ്മാൻ, ഡൽഹി മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, എസ്എൻഡിപി യോഗം ഡൽഹി യൂണിയൻ പ്രസിഡന്‍റ് ടി.കെ. കുട്ടപ്പൻ, കേന്ദ്രയുടെ രക്ഷാധികാരി എ.ടി. സൈനുദ്ദിൻ, എസ്എൻഡിപി ഡൽഹി യൂണിയൻ മുൻ പ്രസിഡന്‍റ് ടി.പി. മണിയപ്പൻ, കേന്ദ്രയുടെ ജനറൽ സെക്രട്ടറി ശാന്തകുമാർ, ട്രഷറർ സുന്ദരേശൻ, ഗുരുദേവ കലാക്ഷേത്രം ഡയറക്ടർ ഗുരു ബാലകൃഷ്‌ണൻ തുങ്ങിയവർ പ്രസംഗിച്ചു.

പീതാംബരൻ, എം.എൻ. ബാലചന്ദ്രൻ, വി.കെ. ബാലൻ, കതിരേശൻ, ജി. തുളസീധരൻ, കെ.എൻ. കുമാരൻ, കെ.കെ. പൊന്നപ്പൻ, സുരേന്ദ്രൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഡൽഹി മലയാളികൾ നൽകിയ സ്വീകരണത്തിന് കെ.കെ. മുഹമ്മദും ജോൺ ഫിലിപ്പോസും നന്ദി പറഞ്ഞു.

കേന്ദ്രയുടെ മുൻ പ്രവർത്തകരും ഏരിയാ ഭാരവാഹികളും കുടുംബാംഗങ്ങളും അഭ്യുദയകാംക്ഷികളെയും കൂടാതെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു.

റിപ്പോർട്ട്: പി.എൻ. ഷാജി