മയൂർ വിഹാർ 3-ൽ ഭാഗവത സപ്താഹയജ്ഞത്തിന് ഞായറാഴ്ച തുടക്കം
Wednesday, March 20, 2019 8:47 PM IST
ന്യൂഡൽഹി: നവോദയം മയൂർ വിഹാർ ഫേസ് 3 യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ മാർച്ച് 24 ന് (ഞായർ) ശ്രീ ഇഷ്ട സിദ്ധി വിനായക ക്ഷേത്രത്തിൽ രാവിലെ 6 ന് മഹാഗണപതി ഹോമത്തോടെ പതിമൂന്നാമത് ശ്രീമത് ഭാഗവത സപ്‌താഹ യജ്‌ഞത്തിന് ശുഭാരംഭം. യജ്ഞാചാര്യൻ ബ്രഹ്മശ്രീ വള്ളിക്കുന്നം സുരേഷ് ശർമ്മയുടെ മുഖ്യ കാർമികത്വത്തിൽ 31 വരെയാണ് ഭാഗവത സപ്‌താഹ യജ്‌ഞം നടത്തപ്പെടുന്നത്.

24-ന് വൈകുന്നേരം 5.30-ന് ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ നിന്നും പൂജിച്ച്‌ അലങ്കാര മാല്യങ്ങളണിയിച്ച ശ്രീകൃഷ്ണ മൂലവിഗ്രഹവും ഭാഗവത ഗ്രന്ഥങ്ങളുമായി 6:30-ന് യജ്ഞ വേദിയായ മയൂർ വിഹാർ ഫേസ് 3-ലെ ശ്രീ ഇഷ്ട സിദ്ധി വിനായക ക്ഷേത്രത്തിൽ എത്തിച്ചേരുമ്പോൾ വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ഭക്തജനങ്ങൾ സ്വീകരണമൊരുക്കും. തുടർന്ന് ഡൽഹി അമൃതാനന്ദമയി മഠത്തിലെ സ്വാമി നിജാമൃത ചൈതന്യയുടെ അനുഗ്രഹ പ്രഭാഷണത്തിനുശേഷം യജ്ഞ പൗരാണികരായ വരിഞ്ഞം ശുഭാംഗൻ, വള്ളിക്കുന്നം ശ്യാംലാൽ, കുറത്തിക്കാട് അനന്തകൃഷ്‌ണ ഭാഗവതർ എന്നിവരെ വിധിപ്രകാരം സ്വീകരിച്ചു യജ്ഞ വേദിയിലേക്ക് ആനയിക്കും. തുടർന്ന് യജ്ഞാചാര്യൻ ശ്രീമത് ഭാഗവത മാഹാത്മ്യ പ്രഭാഷണം ആരംഭിക്കും.

സപ്‌താഹത്തോടനുബന്ധിച്ചു ദിവസവും വിശേഷാൽ പൂജകളും ക്ഷേത്ര മേൽശാന്തി ഗണേശൻ പോറ്റിയുടെ ശ്രീമദ് നാരായണീയ പാരായണവും ദീപാരാധനയും ഉണ്ടാവും. സപ്‌താഹ ദിവസങ്ങളിൽ ഭക്തജനങ്ങൾക്കായി രാവിലെ ലഘുഭക്ഷണവും ഉച്ചയ്ക്കും രാത്രി 9 നും അന്നദാനവും ഉണ്ടാവും.

റിപ്പോർട്ട്: പി.എൻ. ഷാജി