സേവനം യുകെ അന്നദാനം നടത്തുന്നു
Thursday, March 21, 2019 7:06 PM IST
ലണ്ടൻ: അന്നദാനം മഹാദാനമെന്നാണ് പറയുന്നത്. തൃപ്തി എന്നുള്ളത് മനുഷ്യന് അന്നത്തില്‍ നിന്നു മാത്രം കിട്ടുന്നുവെന്നതാണ് സത്യം. അങ്ങനെ തൃപ്തിപ്പെടുത്തി ഒരു മഹാദാനത്തിന്‍റെ ഭാഗമാകുകയാണ് സേവനം യുകെ.

പാലാരിവട്ടം ശ്രീ ഹരിഹര സുധ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ആതുരാലയങ്ങള്‍ നടത്തിവരുന്ന അന്നദാനത്തില്‍ സേവന യുകെയും കൈകോര്‍ക്കുന്നു. ഓരോ ദിവസവും 150 പേര്‍ക്കുവീതം ആതുരാലയങ്ങളില്‍ ജീവിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് അന്നദാനം ഒരുക്കുകയാണ് സേവന യുകെ. പാലാരിവട്ടം ശ്രീ ഹരിഹര സുധ ക്ഷേത്രം ഉത്സവ ഭാരവാഹികളും എല്ലാവര്‍ഷവും നടത്തിവരുന്ന പത്തുദിവസത്തെ ഉത്സവമാണ് ഏപ്രില്‍ 19 മുതല്‍ കൊടിയേറുന്നത് .പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തോടനുബന്ധിച്ച് ഓരോ ദിവസവും 150 സഹോദരങ്ങള്‍ക്ക് അന്നദാനം ഒരുക്കി ഏതാണ്ട് 1500 സഹോദരങ്ങള്‍ക്ക് അന്നം കൊടുക്കുന്ന മഹാ കര്‍മത്തിന് സേവനം യുകെ ഭാഗമാകുകയാണ്.

യുകെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സേവനം യുകെ ജാതി മത രഹിത സമൂഹം എന്ന ലക്ഷ്യവുമായി ലോകമലയാളി സമൂഹത്തിനിടയില്‍ പ്രവര്‍ത്തനം ശക്തമാക്കുകയാണ്. വര്‍ഷങ്ങളായി വിവിധ മേഘലകളിൽ പങ്കാളിയാകുന്ന സേവനം യുകെ കൂടുതല്‍ ജനങ്ങളിലേക്ക് തങ്ങളുടെ സേവനം വ്യാപിപ്പിക്കുകയാണെന്ന് സേവനം യുകെ ചെയർമാൻ ബിജു പെരിങ്ങൽ തറ അറിയിച്ചു.