ഗൂഗ്ളിന് യൂറോപ്യൻ യൂണിയൻ ഒന്നര ബില്യൺ യൂറോ പിഴ വിധിച്ചു
Thursday, March 21, 2019 9:58 PM IST
ബ്രസൽസ്: ഓണ്‍ലൈൻ സെർച്ച് പരസ്യങ്ങളുടെ പേരിൽ യൂറോപ്യൻ യൂണിയൻ ഗൂഗ്ളിന് ഒന്നര ബില്യൺ യൂറോ പിഴ വിധിച്ചു. രണ്ടു വർഷത്തിനിടെ മൂന്നാം തവണയാണ് യൂറോപ്യൻ യൂണിയൻ തന്നെ ഇത്തരത്തിൽ പിഴ ഇടുന്നത്.

2006 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ മറ്റു കന്പനികളുടെ പരസ്യങ്ങൾ തടയാൻ ഗൂഗ്ൾ തങ്ങളുടെ അപ്രമാദിത്വം നീതിപൂർവകമല്ലാതെ ഉപയോഗിച്ചു എന്നതാണ് ഇപ്പോൾ പിഴ ചുമത്താൻ കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ഉത്തരവിനെത്തുടർന്ന് ഗൂഗ്ൾ ആഡ്സെൻസ് ചട്ടങ്ങളിൽ ഇളവു വരുത്തി മറ്റു സ്ഥാപനങ്ങൾക്ക് കൂടുതൽ അവസരം നൽകാൻ നടപടികൾ സ്വീകരിച്ചു.

ഗൂഗ്ളിന്‍റെ മാതൃ സ്ഥാപനമായ ആൽഫബെറ്റ് കഴിഞ്ഞ വർഷം 30.7 ബില്യൺ ഡോളറാണ് പരസ്യ വരുമാനത്തിൽനിന്ന് സന്പാദിച്ചത്. 2017ൽ ഇത് 12.66 ബില്യൺ മാത്രമായിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ