അഭയാർഥികൾക്കുള്ള ഫണ്ടിംഗ് ജർമനി വെട്ടിക്കുറയ്ക്കുന്നു
Thursday, March 21, 2019 10:11 PM IST
ബർലിൻ: 2020 ആകുന്നതോടെ അഭയാർഥികൾക്കുള്ള ഫണ്ടിംഗിൽ ജർമനി മുപ്പതു ശതമാനം കുറവു വരുത്തുമെന്ന് ധനമന്ത്രി ഓലഫ് ഷോൾസ്. അഭയാർഥികളെ ഇന്‍റഗ്രേറ്റ് ചെയ്യാനുള്ള പണത്തിലായിരിക്കും ഇത്തരത്തിൽ കുറവു വരുന്നത്.

രാജ്യത്തെ വിവിധ രാഷ്ട്രീയ പാർട്ടികൾ ഷോൾസിന്‍റെ പ്രസ്താവനയെ വിമർശിച്ചു. നിലവിൽ 4.7 ബില്യനാണ് അഭയാർഥികൾക്കുള്ള ഫണ്ടിംഗ്. ഇത് 1.3 ബില്യനാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇന്‍റഗ്രേഷൻ പ്രവർത്തനങ്ങളെ ഗണ്യമായി ബാധിക്കുന്നതാണ് തീരുമാനമെന്നാണ് വിമർശനം. ചില ലോക്കൽ കൗണ്‍സിലുകളും വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

ജർമൻ നിയമം അനുസരിച്ച് ലോക്കൽ കൗണ്‍സിലുകളാണ് അഭയാർഥി ഇന്‍റഗ്രേഷനുള്ള ചെലവ് നേരിട്ട് വഹിക്കേണ്ടത്. സർക്കാർ ഫണ്ടിംഗ് കുറയ്ക്കുന്നതും ആദ്യം ബാധിക്കുന്നത് ഇവരെയാണ്. നിലവിൽ ഇന്‍റഗ്രേഷൻ കാലയളവിൽ ഓരോ അഭയാർഥിക്കും 670 യൂറോ വീതം സർക്കാർ നൽകുന്നുണ്ട്. പുതിയ പദ്ധതി അനുസരിച്ച് അഞ്ച് വർഷത്തേക്ക് ഒറ്റത്തവണയായി പതിനാറായിരം യൂറോ മാത്രമായിരിക്കും അനുവദിക്കുക.

എന്നാൽ, 2018ൽ അവസാനിക്കേണ്ടിയിരുന്ന ബജറ്റ് നിർദേശം 2019 വരെ നീട്ടുകയാണു താൻ ചെയ്തിരിക്കുന്നതെന്നാണ് ഷോൾസിന്‍റെ വാദം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ