നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠ
Saturday, March 23, 2019 12:14 AM IST
ന്യൂഡൽഹി : നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ചോറ്റാനിക്കരയമ്മയുടെ പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിച്ചു. മാർച്ച് 21-നു രാവിലെ 5.44 നു ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ അക്കീരമാണ് കാളിദാസൻ ഭട്ടതിരിപ്പാടിന്‍റെ മുഖ്യ കാർമികത്വത്തിലാണ് പ്രതിഷ്ഠ നടന്നത്. ശശികുമാർ നമ്പൂതിരിയും മേൽശാന്തി നിഖിൽ പ്രകാശും പരികർമികളായിരുന്നു.

വടക്കേ ഇന്ത്യയിലെ പ്രധാന ആഘോഷമായ ഹോളി ദിനമായിട്ടു കൂടി രാവിലെ 4 മുതൽ ക്ഷേത്രത്തിലേക്ക് അദ്ഭുപൂർവമായ ജനപ്രവാഹമായിരുന്നു. ക്ഷേത്ര ഭാരവാഹികളായ പ്രസിഡന്‍റ് പി.ആർ. പ്രേമചന്ദ്രൻ, ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ, ട്രഷറർ വി.കെ.എസ്. നായർ, ജോയിന്‍റ് സെക്രട്ടറി പി.എൻ. ഷാജി, ഇന്‍റേണൽ ഓഡിറ്റർ സി.എസ്. പിള്ള തുടങ്ങിയർ പരിപാടികൾക്ക് നേതൃത്വം നൽകി.

പഞ്ചലോഹ പ്രതിഷ്ഠക്കു ശേഷമുള്ള ആദ്യത്തെ പൊങ്കാലയെന്ന പ്രത്യേകതയോടെ നജഫ്ഗഡ് വലിയ പൊങ്കാല ഞായറാഴ്ച നടക്കും. രാവിലെ 4:30-ന് നിർമാല്യ ദർശനം. 5 ന് ക്ഷേത്ര തന്ത്രി അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ മഹാഗണപതി ഹോമത്തോടെയാവും ചടങ്ങുകൾ ആരംഭിക്കുക.

രാവിലെ 6.30 മുതൽ ഹസ്ത്സാൽ ബാലഗോകുലത്തിന്‍റെ ഭജന. 8 ന് പൊങ്കാലക്കായി പണ്ടാര അടുപ്പിൽ അഗ്നി പകരും. തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ഡൽഹിയിലെ സാമൂഹിക സാംസ്കാരിക സംഘടനാ സാരഥികൾ പങ്കെടുക്കും. ബിജു ചെങ്ങന്നൂർ നയിക്കുന്ന ശരണാതീർത്ഥം ഓർക്കസ്‌ട്രാ ഭക്തിഗാനങ്ങൾ അവതരിപ്പിക്കും. ചെറുതാഴം കുഞ്ഞിരാമൻ മാരാരും സംഘവും വാദ്യ മേളങ്ങളൊരുക്കും. ഉച്ചപൂജ, ഉച്ച ദീപാരാധന എന്നിവയാണ് പൊങ്കാലദിവസത്തെ മറ്റു പ്രധാന ചടങ്ങുകള്‍.

റിപ്പോർട്ട്: പി.എൻ. ഷാജി