വിദേശത്തു തൊഴിലെന്ന വ്യാജേന തട്ടിപ്പ്: അനേഷണ റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്
Saturday, March 23, 2019 5:05 PM IST
ന്യൂഡൽഹി: വിദേശ ആശുപത്രിയിൽ ജോലി നൽകാമെന്ന വ്യാജേന പണം തട്ടിയെടുത്ത മലയാളിക്കെതിരെ നടത്തിയ അനേഷണത്തിന്‍റെ റിപ്പോർട്ട് സമർപ്പിക്കാൻ ഡൽഹി പോലീസിനോട് കോടതിയുടെ ഉത്തരവ്.

ഖത്തറിലെ ആശുപത്രിയിൽ ജോലി നൽകാമെന്ന വ്യാജേനെ പണം തട്ടിയെടുത്ത മലയാളി ദിലീപ് തോമസിന് എതിരെ ഡൽഹി സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്ന നാലു മലയാളി നഴ്‌സുമാർ പ്രവാസി ലീഗൽ സെൽ മുഖേനെ നൽകിയ പരാതിയിലാണ് ഡൽഹി ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്.

കഴിഞ്ഞ വർഷമാണ് ദിലീപ് തോമസ് വിദേശത്തു ജോലി വാഗ്ദാനവുമായി മലയാളി നഴ്സുമാരായ ജയ്സൺ, സൗമ്യ, ടിന്‍റു, പ്രിയ എന്നിവരെ ഫോണിൽ വിളിച്ചു റിക്രൂട്ട്മെന്‍റ് ഏജന്‍റ് ആന്നെന്നു പറഞ്ഞു പരിചയപ്പെടുത്തുന്നത്. ഖത്തറിലെ MOH ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ ജോലിക്ക് ആളെ ആവശ്യമുണ്ടെന്നായിരുന്നു വാഗ്ദാനം.

വാഗ്ദാനം സ്വീകരിച്ചതിനെ തുടര്‍ന്ന് പല തവണ ഫോണിൽ വിളിക്കുകയും ജോലി ഉറപ്പിക്കുന്നതിന്‍റെ ഭാഗമായി പണം നൽകി സീറ്റ് ബ്ലോക്ക് ചെയ്യണമെന്നും അറിയിച്ചു. പിന്നീട് ഇയാളെ വിശ്വസിച്ചു ദിലീപ് തോമസ് എന്ന പേരിലുലുള്ള ഡൽഹിയിലെ ഫെഡറൽ ബാങ്ക് മയൂർ വിഹാർ ബ്രാഞ്ചിൽ പലതവണയായി ഏകദേശം 5 ലക്ഷത്തോളം രൂപ ഡെപ്പോസിറ്റ് ചെയ്തു.

ഇതുകൂടാതെ മെഡിക്കൽ എക്‌സാമിനേഷനുവേണ്ടി ഡൽഹിയിലെ GAMCA സെന്‍ററിൽ ചെക്കപ്പ് നടത്തുകയും നാലു പേരും അയ്യായിരം രൂപ വീതം നൽകുകയും ചെയ്തു. പിന്നീട് എത്രയും പെട്ടന്ന് തന്നെ ഇന്‍റർവ്യൂ ഉണ്ടാകുമെന്നും അറിയിച്ചെങ്കിലും ഇന്‍റർവ്യൂ നടന്നില്ല. തുടർന്ന് ദിലീപിനെ ഫോണിൽ പലതവണ വിളിച്ചപ്പോൾ ഇന്‍റർവ്യൂ കാൻസൽ ചെയ്തു എന്നറിയിപ്പാണ് ലഭിച്ചത്. ഇതേ തുടർന്ന് നഴ്സുമാർ നൽകിയ പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. തുടർച്ചയായി ഫോൺ വിളികൾക്കു ശേഷം പിന്നീട് പണം തിരികെ നൽകാമെന്ന് സമ്മതിച്ചെങ്കിലും പല ഒഴിവ് കഴിവുകൾ പറയുകയായിരുന്നു.

പണം ഡെപ്പോസിറ്റ് ചെയ്ത ബാങ്കിൽ അനേഷിച്ചെങ്കിലും ബാങ്ക് ഉദ്യോഗസ്ഥർ ദിലീപിന്‍റെ വിവരങ്ങൾ നല്കാൻ തയാറായില്ല. തുടർന്ന് സുഹൃത്തുക്കൾ മുഖേനെ അനേഷിച്ചപ്പോൾ ഇത്തരത്തിൽ ദിലീപ് മറ്റുപലരെയും വഞ്ചിച്ചു പണം തട്ടിയെടുത്തിട്ടുണ്ടെന്നും ഇയാളുടെ പേരിൽ നിലവിൽ കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അറിവായി.

ഇതേ തുടർന്ന് ലോക്കൽ സ്റ്റേഷനായ ഡൽഹിയിലെ മാളവിയാ നഗർ പോലീസ്‌റ്റേഷനിൽ പരാതി നൽകിയെങ്കിലും വേണ്ടത്ര അനേഷണം ഉണ്ടായില്ല. ഇതിനെതുടർന്നാണ് പ്രവാസി ലീഗൽ സെൽ മുഖേനെ നഴ്സുമാർ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുന്നത്. പരാതി കേട്ട കോടതി ഇതുവരെ നടത്തിയ അനേഷണത്തിന്‍റെ റിപ്പോർട്ട് അടുത്ത മാസം 18 ന് മുൻമ്പായി കോടതിയിൽ സമർപ്പിക്കാൻ ഡൽഹി പോലീസിനോട് ഉത്തരവ് ഇടുകയായിരുന്നു. പ്രവാസി ലീഗൽ സെല്ലിനുവേണ്ടി അഡ്വ. ബ്ലെസൻ മാത്യു, അഡ്വ. സാറ ഷാജി എന്നിവർ ഹാജരായി.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്