ബ്രെക്സിറ്റിന്‍റെ വിധി ബ്രിട്ടന്‍റെ കൈയിൽ: ടസ്ക്
Saturday, March 23, 2019 9:27 PM IST
ബ്രസൽസ്: ബ്രെക്സിറ്റിന്‍റെ വിധി നമ്മുടെ ബ്രിട്ടീഷ് സുഹൃത്തുക്കളുടെ കൈകളിലാണെന്ന് യൂറോപ്യൻ കൗണ്‍സിൽ പ്രസിഡന്‍റ് ഡോണൾഡ് ടസ്ക്. ബ്രെക്സിറ്റ് മാർച്ച് 29ൽനിന്ന് മേയ് 22ലേക്ക് നീട്ടിവയ്ക്കാനുള്ള നിർദേശം യൂറോപ്യൻ യൂണിയൻ നേതാക്കൾ അംഗീകരിച്ച ശേഷമാണ് ടസ്കിന്‍റെ പ്രതികരണം.

ജൂണ്‍ 30 വരെ നീട്ടിവയ്ക്കാനായിരുന്നു ബ്രിട്ടന്‍റെ അഭ്യർഥന എങ്കിലും, കർശന ഉപാധിയോടെ മേയ് 22 വരെ മാത്രം നീട്ടാൻ അനുമതി നൽകുകയായിരുന്നു. പ്രധാനമന്ത്രി തെരേസ മേ അവതരിപ്പിക്കുന്ന പിൻമാറ്റ കരാർ അടുത്ത ആഴ്ച തന്നെ ബ്രിട്ടീഷ് പാർലമെന്‍റ് അംഗീകരിക്കുക എന്നതാണ് ഉപാധി.

ബ്രെക്സിറ്റ് തന്നെ ഉപേക്ഷിക്കുകയോ, ദീർഘകാലത്തേക്ക് നീട്ടി വയ്ക്കുകയോ ചെയ്യുന്നതടക്കം എല്ലാ സാധ്യതകളും ഏപ്രിൽ 12 വരെ അവശേഷിക്കുന്നു എന്നും ടസ്ക് കൂട്ടിച്ചേർത്തു. നിലവിലുള്ള നീട്ടിവയ്ക്കൽ നിർദേശത്തിന് യൂറോപ്യൻ യൂണിയനിലെ 27 അംഗരാജ്യങ്ങളും ഏകകണ്ഠമായി അംഗീകാരം നൽകിയത് സന്തോഷകരമാണെന്നും ടസ്ക് പറഞ്ഞു.

ഏപ്രിൽ 12നുള്ളിൽ തെരേസ മേ യുടെ കരാർ പാസാകുന്നില്ലെങ്കിൽ എന്തു സംഭവിക്കും എന്നറിയാനാണ് യൂറോപ്പ് ഉറ്റുനോക്കുന്നത്. കരാറില്ലാതെയും ബ്രെക്സിറ്റ് പൂർത്തിയാക്കണമെന്ന് ആവശ്യപ്പെടുന്ന കടുത്ത യൂറോപ്യൻ വിരുദ്ധർ ഇപ്പോഴും ഏറെയാണ്. എന്നാൽ, ബ്രെക്സിറ്റ് അപ്പാടെ ഒഴിവായി പോകാൻ ഇതൊരു കാരണമാകുമെന്ന പ്രത്യാശ സൂക്ഷിക്കുന്നവരാണ് ബ്രെക്സിറ്റ് വിരുദ്ധരിൽ പലരും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ