ഇറ്റലിയിൽ ഡ്രൈവിംഗ് ലൈസൻസ് പരിശോധന കർക്കശമാക്കുന്നു
Saturday, March 23, 2019 9:32 PM IST
റോം: ഡ്രൈവർ തന്നെ സ്കൂൾ ബസ് തട്ടിക്കൊണ്ടു പോയി തീയിട്ട സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ, ഡ്രൈവിംഗ് ലൈസൻസ് പരിശോധന കൂടുതൽ കർക്കശമാക്കാൻ ഇറ്റാലിയൻ സർക്കാർ നിർദേശം നൽകി.

അക്രമി ബസിൽ ബന്ദികളാക്കിയ അന്പത് കുട്ടികളെയും ബസിനൊപ്പം കത്തിക്കാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും തക്ക സമയത്തെ പോലീസ് ഇടപെടൽ കുട്ടികളുടെ ജീവൻ രക്ഷിച്ചു. ഇറ്റലി അഭയാർഥികളെ സ്വീകരിക്കാത്തതു കാരണം മെഡിറ്ററേനിയൻ കടലിൽ അഭയാർഥികൾ കൊല്ലപ്പെടുന്നതിനു പ്രതികാരം ചെയ്യാനാണ് ഡ്രൈവർ ഇങ്ങനെയൊരു കടുംകൈക്ക് ശ്രമിച്ചതെന്ന് പിന്നീട് വ്യക്തമായിരുന്നു.

15 വർഷമായി സ്കൂൾ ബസ് ഓടിക്കുന്ന ആളാണ് ബസ് കത്തിച്ചത്. എന്നാൽ, മദ്യപിച്ച് വാഹനമോടിച്ചതിന് ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്തിരിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. എന്നിട്ടും ഇയാളെങ്ങനെ സ്കൂൾ ബസ് ഓടിച്ചു എന്നതാണ് അധികൃതരെ വിഷമവൃത്തത്തിലാക്കുന്ന ചോദ്യം.

ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലൈസൻസ് പരിശോധന കർക്കശമാക്കാനുള്ള നിർദേശം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ