മയൂർ വിഹാർ 3-ൽ ഭാഗവത സപ്താഹയജ്ഞം സമാപിച്ചു
Monday, April 1, 2019 9:51 PM IST
ന്യൂഡൽഹി: നവോദയം മയൂർ വിഹാർ ഫേസ് 3 യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ ശ്രീ ഇഷ്ട സിദ്ധി വിനായക ക്ഷേത്രത്തിൽ ആരംഭിച്ച പതിമൂന്നാമത് ശ്രീമത് ഭാഗവത സപ്‌താഹ യജ്‌ഞം സമാപിച്ചു. യജ്ഞാചാര്യൻ ബ്രഹ്മശ്രീ വള്ളിക്കുന്നം സുരേഷ് ശർമ്മയുടെ മുഖ്യ കാർമികത്വത്തിലാണ് ഭാഗവത സപ്‌താഹ യജ്‌ഞം നടത്തപ്പെട്ടത്.

ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ നിന്നും പൂജിച്ച്‌ അലങ്കാര മാല്യങ്ങളണിയിച്ച ശ്രീകൃഷ്ണ മൂലവിഗ്രഹവും ഭാഗവത ഗ്രന്ഥങ്ങളുമായി യജ്ഞ വേദിയിൽ എത്തിയപ്പോൾ വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ഭക്തജനങ്ങൾ സ്വീകരണമൊരുക്കി. ഡൽഹി അമൃതാനന്ദമയി മഠത്തിലെ സ്വാമി നിജാമൃത ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. യജ്ഞ പൗരാണികരായ വരിഞ്ഞം ശുഭാംഗൻ, വള്ളിക്കുന്നം ശ്യാംലാൽ, കുറത്തിക്കാട് അനന്തകൃഷ്‌ണ ഭാഗവതർ എന്നിവർ യജ്ഞ വേദിയിൽ സന്നിഹിതരായിരുന്നു.

കുടുംബത്തിന്‍റെ അഭിവൃത്തിക്കും ഐശ്വര്യത്തിനും വേണ്ടി ദിവസവും വിശേഷാൽ പൂജകളും ക്ഷേത്ര മേൽശാന്തി ഗണേശൻ പോറ്റിയുടെ ശ്രീമദ് നാരായണീയ പാരായണവും ദീപാരാധനയും ഉണ്ടായിരുന്നു. സപ്‌താഹ ദിവസങ്ങളിൽ ഭക്തജനങ്ങൾക്കായി രാവിലെ ലഘുഭക്ഷണവും ഉച്ചക്കും രാത്രിയും അന്നദാനവും ഒരുക്കിയിരുന്നു.

റിപ്പോർട്ട്: പി.എൻ. ഷാജി