കർണാടകയിൽ സ്ഥാനാർഥികൾ ലക്ഷപ്രഭുക്കളും ഭാര്യമാർ കോടീശ്വരികളും
Tuesday, April 2, 2019 9:04 AM IST
ബംഗളൂരു: സംസ്ഥാനത്തു നിന്നു ജനവിധി തേടുന്ന മിക്ക സ്ഥാനാർഥികളേക്കാളും ധനികർ അവരുടെ ഭാര്യമാരെന്ന് കണക്കുകൾ. നാമനിർദേശപത്രികയ്ക്കൊപ്പം സ്ഥാനാർഥികൾ സമർപ്പിച്ച സ്വത്തുവിവരത്തിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്. സിറ്റിംഗ് എംപിമാരാണ് ഇക്കാര്യത്തിൽ മുന്നിൽ.

ജെഡി-എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ സമർപ്പിച്ച സ്വത്തുവിവരത്തിൽ 95.31 ലക്ഷം രൂപയുടെ സ്വത്താണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ഭാര്യ ചന്നമ്മയുടെ പേരിൽ 4.8 കോടി രൂപയുടെ സ്വത്തുണ്ട്. മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും ചിക്കബല്ലാപുരിലെ സിറ്റിംഗ് എംപിയുമായ എം. വീരപ്പമൊയ്‌ലിക്ക് സ്വന്തമായുള്ളത് 4.9 ലക്ഷം രൂപ മാത്രമാണ്. ബാങ്ക് നിക്ഷേപവും കൈവശമുള്ള സ്വർണത്തിന്‍റെ മൂല്യവുമടക്കമാണിത്. സ്വന്തമായി ഭൂമിയില്ലാത്ത ഇദ്ദേഹത്തിന്‍റെ പേരിൽ 1.51 കോടി രൂപയുടെ ബാധ്യതയുമുണ്ട്. എന്നാൽ ഭാര്യയുടെ കൈവശമുള്ള സ്വത്തിന്‍റെ മൂല്യം 15.6 കോടിയാണ്. നിരവധി സ്ഥലങ്ങളിൽ ഭൂമിയും കെട്ടിടങ്ങളും ഇവരുടെ പേരിലുണ്ട്. 8.91 കോടി രൂപയുടെ ബാധ്യതയും ഭാര്യയ്ക്കുണ്ട്. കോലാറിലെ കോൺഗ്രസ് സ്ഥാനാർഥി മുനിയപ്പയ്ക്ക് ഒമ്പതു കോടിയുടെ സ്വത്തുണ്ട്. എന്നാൽ, ഭാര്യയുടെ പേരിലുള്ളത് 17.5 കോടിയുടെ സ്വത്താണ്. ഭാര്യയുടെ പേരിൽ ഭൂമിയും കെട്ടിടങ്ങളും വാഹനവുമുണ്ട്.

അതേസമയം, ബിജെപി സ്ഥാനാർഥികളും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. ദക്ഷിണകന്നഡയിൽ നിന്നു ജനവിധി തേടുന്ന സിറ്റിംഗ് എംപി നളിൻകുമാർ കട്ടീലിന് സ്വന്തമായി 26.68 ലക്ഷം രൂപയുടെ സ്വത്ത് മാത്രമാണുള്ളത്. എന്നാൽ 1.18 കോടിയാണ് ഭാര്യയുടെ ആസ്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 11.37 ലക്ഷത്തിന്‍റെ സ്വത്തുക്കളായിരുന്നു നളിൻ കുമാർ കട്ടീലിനുണ്ടായിരുന്നത്. മൈസൂരുവിലെ സിറ്റിംഗ് എംപി പ്രതാപ് സിംഹയ്ക്ക് 63.87 ലക്ഷം രൂപയുടെ സ്വത്താണ് രേഖപ്പെടുത്തിയത്. 42 ലക്ഷം രൂപയുടെ ബാധ്യതയുമുണ്ട്. എന്നാൽ ഭാര്യയുടെ പേരിൽ 1.21 കോടി രൂപയുടെ സ്വത്താണുള്ളത്.