മെട്രോ കാർഡ് മിനിമം ബാലൻസ്: പ്രതിഷേധവുമായി യാത്രക്കാർ
Tuesday, April 2, 2019 9:14 AM IST
ബംഗളൂരു: നമ്മ മെട്രോ കാർഡിലെ മിനിമം ബാലൻസ് 50 രൂപയാക്കിയതിൽ പ്രതിഷേധവുമായി യാത്രക്കാർ. നേരത്തെ എട്ടര രൂപയായിരുന്ന സ്ഥാനത്താണ് ഇപ്പോൾ മിനിമം ബാലൻസ് 50 രൂപയായി ഉയർത്തിയത്. ഈ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. വരുംദിവസങ്ങളിൽ മെട്രോ സ്റ്റേഷനുകളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കാനാണ് സംഘടനകളുടെ തീരുമാനം.

മിനിമം ബാലൻസ് ഉയർത്തിയതറിയാതെ കഴിഞ്ഞ ദിവസം കാർഡുമായി എത്തിയവർക്ക് സ്റ്റേഷനുകളിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല. ഇതേത്തുടർന്ന് യാത്രക്കാരും സുരക്ഷാ ജീവനക്കാരുമായി വാക്കുതർക്കമുണ്ടായി. ഇതിനു പിന്നാലെ നമ്മ മെട്രോയുടെ കസ്റ്റമർ കെയർ സെന്‍ററിലേക്ക് പരാതിപ്രവാഹമാണ് ഉണ്ടായത്. ദിവസം മുപ്പതോളം പരാതികളാണ് മെട്രോയ്ക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്.

എന്നാൽ യാത്രക്കാരുടെ സൗകര്യത്തിനാണ് പുതിയ തീരുമാനമെന്നാണ് മെട്രോ അധികൃതരുടെ വാദം. മെട്രോയിലെ കുറഞ്ഞ നിരക്ക് പത്തു രൂപയാണ്. കാർഡ് ഉപയോഗിക്കുന്നവർക്ക് എട്ടര രൂപയാണ് നിരക്ക്. എട്ടര രൂപ ബാലൻസുള്ള ഒരു കാർഡ് ഉപയോഗിച്ച് മെട്രോ സ്റ്റേഷന്‍റെ ഗേറ്റ് തുറക്കാമെങ്കിലും തൊട്ടടുത്ത സ്റ്റേഷൻ വരെയെ യാത്ര ചെയ്യാനാകൂ. എന്നാൽ ബാലൻസ് കുറവാണെന്ന് അറിയാതെ മറ്റു സ്റ്റേഷനുകളിൽ ഇറങ്ങുന്നവർക്ക് പുറത്തേക്ക് പോകാൻ കാർഡ് ഉപയോഗിച്ച് ഗേറ്റ് തുറക്കാനാവില്ല. ഈ ബുദ്ധിമുട്ട് പരിഹരിക്കാനാണ് മിനിമം ബാലൻസ് 50 ആക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം.

കൂടുതൽ‌ യാത്രക്കാരെ കാർഡ് ഉപയോക്താക്കളാക്കാൻ മെട്രോ പദ്ധതികൾ തയാറാക്കിയിരുന്നു. എന്നാൽ മിനിമം ബാലൻസ് 50 രൂപ എന്നത് പലരെയും പിന്തിരിപ്പിക്കുമെന്നതിനാൽ പുതിയ കാർഡ് ഉപയോക്താക്കൾക്ക് നിരവധി ആനുകൂല്യങ്ങൾ നല്കാനും പദ്ധതിയിടുന്നുണ്ട്.