മെൽബണ്‍ കത്തീഡ്രൽ ചർച്ച് ബിൽഡിംഗ് റാഫിൾ ടിക്കറ്റ് വിതരണോദ്ഘാടനം ഏപ്രിൽ 7 ന്
Saturday, April 6, 2019 4:13 PM IST
മെൽബണ്‍: സെന്‍റ് അൽഫോൻസ കത്തീഡ്രൽ സീറോ മലബാർ ഇടവകയുടെ ദേവാലയ നിർമാണ ധനശേഖരാർഥം സംഘടിപ്പിച്ചിട്ടുള്ള റാഫിൾ ടിക്കറ്റിന്‍റെ വിതരണോദ്ഘാടനം ഏപ്രിൽ 7 ന് (ഞായർ) നടക്കും.

വൈകുന്നേരം 4 ന് വിശുദ്ധ കുർബാനക്കുശേഷം നടക്കുന്ന ചടങ്ങിൽ മെൽബണ്‍ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ബോസ്കോ പുത്തൂർ, ബംഗ്ലാദേശിലെ ധാക്ക അതിരൂപത ആർച്ച് ബിഷപ് പാട്രിക് ഡി റൊസാരിയോക്ക് റാഫിൾ ടിക്കറ്റ് നല്കി നിർവഹിക്കും. എപ്പിംഗ് സെന്‍റ് മോണിക്കാ കോളജ് ഹാളിൽ നടന്നുവരുന്ന നോന്പുകാല ധ്യാനത്തിന്‍റെ സമാപന ദിവസത്തിൽ നടക്കുന്ന ചടങ്ങിൽ കത്തീഡ്രൽ വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ, കൈക്കാരന്മാരായ ക്ലീറ്റസ് ചാക്കൊ, ആന്‍റോ തോമസ്, റാഫിൾ ടിക്കറ്റ് കണ്‍വീനർ ജോണ്‍സണ്‍ ജോർജ് എന്നിവർ ചടങ്ങിൽ സംബന്ധിക്കും.

ഒന്നാം സമ്മാനമായി അറുപത്തയ്യായിരം ഡോളർ വിലയുള്ള ടൊയോട്ട പ്രാഡോ കാറും രണ്ടാം സമ്മാനമായി മെൽബണിൽ എയർടിക്കറ്റിംഗ് മേഖലയിലെ അതികായരായ ഫ്ളൈവേൾഡ് ഇന്‍റർനാഷണൽ നൽകുന്ന ഇന്ത്യയിലെ ഒരു സിറ്റിയിലേക്ക് സഞ്ചരിക്കാവുന്ന രണ്ട് ഫ്ളൈറ്റ് ടിക്കറ്റുകളും മൂന്നാം സമ്മാനമായി സെലിബ്രേഷൻസ് ഇന്ത്യൻ റസ്റ്ററന്‍റ് നൽകുന്ന ആയിരം ഡോളറിന്‍റെ കോൾസ് മയർ ഗിഫ്റ്റ് വൗച്ചറും നാലാം സമ്മാനമായി അഞ്ഞൂറ് ഡോളർ വിലവരുന്ന സ്പിരിറ്റ് ഓഫ് ടാസ്മാനിയുടെ രണ്ട് ഗിഫ്റ്റ് വൗച്ചറും അഞ്ചാം സമ്മാനമായി കോക്കനട്ട് ലഗൂണ്‍ റസ്റ്ററന്‍റിന്‍റെ നൂറ് ഡോളറിന്‍റെ അഞ്ച് വൗച്ചറുകളുമാണ് ലഭിക്കുന്നത്.

50 ഡോളറിന്‍റെ 6000 ടിക്കറ്റുകളാണ് വിതരണത്തിനായി തയാറാക്കിയിരിക്കുന്നത്. നറുക്കെടുപ്പ് ഡിസംബർ 24ന് റിസർവോ സെന്‍ററിലെ ക്രിസ്മസ് കുർബാനക്ക് ശേഷമാണ് ക്രമീകരിച്ചിരിക്കുന്നത്. വിജയികളെ നേരിട്ട് അറിയിക്കുന്നതോടൊപ്പം കത്തീഡ്രൽ ഇടവക വെബ്സൈറ്റിലും ഫലം പ്രസിദ്ധീകരിക്കും.

റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ