പുഷ്പവിഹാർ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനവും തിരുവുത്സവവും
Saturday, April 6, 2019 4:42 PM IST
ന്യൂഡൽഹി: പുഷ്പ വിഹാർ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ പതിമൂന്നാമത് പ്രതിഷ്ഠാ ദിനാഘോഷവും തിരുവുത്സവവും ഏപ്രിൽ ആറിന് ആഘോഷിക്കുന്നു.

പ്രതിഷ്ഠാദിനാഘോഷ ചടങ്ങുകൾക്ക് ക്ഷേത്ര തന്ത്രി പുതുമന ദാമോധരൻ നന്പൂതിരി നേതൃത്വം വഹിക്കും. ചെറുതാഴം കുഞ്ഞിരാമൻ മാരാരുടെ നേതൃത്വത്തിൽ താളവാദ്യമേള ചടങ്ങുകൾക്ക് മോഡി കൂട്ടും.

രാവിലെ 4 ന് നട തുറക്കും. 4.30ന് അഷ്ടാഭിഷേകം, 5.30 മുതൽ അഷ്ടദ്രവ്യ ഗണപതിഹോമം, 7.30 മുതൽ കലശപൂജ, 10. 30 മുതൽ കലശാഭിഷേകം, 11 ന് പഞ്ചഗവ്യ നവക കലശാഭിഷേകം എന്നീ പുജകൾ നടക്കും.

രാവിലെ 10.30 മുതൽ ചുറ്റന്പലത്തിനകത്ത് നടക്കൽപ്പറ. ഇന്നേ ദിവസത്തെ പ്രത്യേക ചടങ്ങാണ്.

വൈകുന്നേരം 5 മുതൽ വിവിധ ദേശങ്ങളിൽ ഘോഷയാത്രകൾ പുറപ്പെടും. സെക്ടർ 1 ലെ ഘോഷയാത്ര ശിവക്ഷേത്രത്തിൽനിന്നും പുറപ്പെട്ട് ക്ഷേത്ര പരിസരത്ത് എത്തിച്ചേരും.

ഷേക് സാരായ് സെക്ടർ -2 ലെ സനാതന ക്ഷേത്രത്തിൽനിന്നും പുറപ്പെടുന്ന ഘോഷയാത്രക്ക് കേരളത്തിൽനിന്നും വരുന്ന കലാകാരന്മാരുടെ ശ്രീകൃഷ്ണ വിളക്കാടും താലപൊലി, ചെണ്ടമേളം എന്നിവയോടെ ക്ഷേത്ര സന്നിധിയിൽ എത്തും.

ദേവലി അയ്യപ്പസേവാ സമിതിയുടെ നേതൃത്വത്തിൽ പുഷ്പവിഹാർ സെക്ടർ 4 ലെ മാതാ ക്ഷേത്രത്തിൽനിന്നും അമ്മൻകുടം പന്പാമേളം, ശിങ്കാരിമേളം എന്നിവയോടും താലപ്പൊടിയോടുംകൂടി ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും. തുടർന്നു മൂന്നു എഴുന്നള്ളിപ്പുകളും ക്ഷേത്രസന്നിധിയിൽ സമ്മേളിച്ച് വണങ്ങും. പിന്നീട് റോസാപൂ ഇതളുകളിൽ ധർമശാസ്താവിന് പുഷ്പാഭിഷേകം നടക്കും.

രാവിലെ 8.30ന് ലഘുഭക്ഷണ വിതരണം. ഉച്ചയ്ക്ക് ഒന്നിന് സമൂഹ സദ്യയും രാത്രി 9 ന് അന്നദാനവും നടക്കും.

റിപ്പോർട്ട്:റെജി നെല്ലിക്കുന്നത്ത്