കെ.എം.മാണിയുടെ വിയോഗത്തിൽ ജർമൻ മലയാളികൾ അനുശോചിച്ചു
Saturday, April 13, 2019 9:05 PM IST
ബർലിൻ: കേരള രാഷ്ട്രീയത്തിലെ അദ്ഭുതപ്രതിഭാസമായിരുന്ന കേരള കോണ്‍ഗ്രസ്-എം ചെയർമാനും മുൻമന്ത്രിയുമായ കെ.എം.മാണിയുടെ വിയോഗത്തിൽ ജർമൻ മലയാളികൾ അനുശോചിച്ചു. ജർമനിയിലെ ആദ്യകാല മലയാളികൾ പലരും മാണിസാറിന്‍റെ പാർട്ടിയിലും നേതാവെന്ന നിലയിലും സംഘടനാപരമായി പ്രവർത്തിക്കുകയും പാർട്ടി തലങ്ങളിൽ ഔദ്യോഗിക പദവികളും വഹിച്ചിട്ടുള്ളവരാണ്. ഇവരൊക്കെ ജർമനിയിലെത്തിയിട്ടും മാണിസാറുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.

പാർട്ടിയുടെ ജനറൽ സെക്രട്ടറിയായ കെ.എഫ്.വർഗീസ് മുൻ ജർമൻ മലയാളിയാണ്. കെ.എഫ് വർഗീസ് മുൻകൈയെടുത്താണ് 1986 ൽ ബർലിനിൽ നടന്ന ആദ്യലോകമലയാള സമ്മേളനം യാഥാർത്ഥ്യമായത്. അക്കാലത്തെ കേരളരാഷ്ട്രീയത്തിലെ നിരവധി നേതാക്കളും സാംസ്കാരിക നായകന്മാരും സമ്മേളനത്തിൽ പങ്കെടുക്കാൻ ജർമനിയിൽ എത്തിയിരുന്നു.പിന്നീട് പാലാഴി ടയേഴ്സ് കന്പനിക്കുവേണ്ടി ഫണ്ട് റൈസിംഗിനായി 1998 ൽ ജർമനിയിൽ എത്തിയ മാണിസാറിന് മികച്ച സ്വീകരണമാണ് കൊളോണിൽ നൽകിയത്.

ജർമനിയിലെ മികച്ച സംഘാടകനും സാമൂഹ്യ പ്രവർത്തകനുമായ പോൾ ഗോപുരത്തിങ്കൽ ആദ്യകാലങ്ങളിൽ യൂത്ത്ഫ്രണ്ടിന്‍റെ നേതൃനിരയിൽ ഉണ്ടായിരുന്നു.

കേരളത്തിന്‍റെ വളർച്ചയിലും പുതിയ പദ്ധതികളുടെ ആവിഷ്ക്കാരത്തിലും മാണിസാർ വഹിച്ച പങ്കിനെ കേരളജനത ഒരിക്കലും മറക്കില്ലെന്ന് യുഡിഎഫിന്‍റെ യൂറോപ്പിലെ ജനറൽ കണ്‍വീനറും ഒഐസിസി ഗ്ളോബൽ സെക്രട്ടറിയുമായ ജിൻസണ്‍ ഫ്രാൻസ് കല്ലുമാടിക്കൽ, ഒഐസിസി നേതാക്കളായ ജോസ് പുതുശേരി, ജോണ്‍ കൊച്ചുകണ്ടത്തിൽ എന്നിവർ അഭിപ്രായപ്പെട്ടു.

അരനൂറ്റാണ്ടിലേറെയായി കേരള രാഷ്ട്രീയത്തിൽ പലപ്പോഴും അവസാന വാക്കായി വിളങ്ങിയിരുന്ന കെ. എം. മാണിയുടെ നിര്യാണത്തിൽ അനുശോചിക്കുന്നതിനൊപ്പം അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തിയും നേർന്നു. സ്വന്തപ്ത കുടുംബാംഗങ്ങളെ പ്രത്യേകിച്ച് ജോസ് കെ. മാണി എംപിയെ അനുശോചനം അറിയിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ