യുക്മ ദേശീയ കായിക മേള ജൂൺ 15 ന് ബർമിംഗ്ഹാമിൽ; മത്സരത്തിനുള്ള ലോഗോ ഡിസൈനുകൾ സമർപ്പിക്കാവുന്ന അവസാന ദിവസം മേയ് നാല്
Tuesday, April 16, 2019 9:17 PM IST
ലണ്ടൻ: മെയ്ക്കരുത്തിന്‍റേയും തീവ്ര പരിശീലനത്തിന്‍റേയും കായികോത്സവത്തിന് ബർമിംഗ്ഹാം വീണ്ടും വേദിയൊരുക്കുന്നു. യുക്മ ദേശീയ കായികമേള ജൂൺ 15 ന് (ശനി) യുക്മയുടെ സ്വന്തം കായിക തട്ടകമായ സട്ടൻ കോൾഡ്‌ഫീൽഡിലെ വിൻഡ്‌ലി ലെഷർ സെന്‍ററിൽ അരങ്ങേറും. തുടർച്ചയായ ഒൻപതാം തവണയാണ് വിൻഡ്‌ലി ലെഷർ സെന്‍റർ യുക്മ ദേശീയ കായികമേളക്ക് ആതിഥേയത്വം വഹിക്കുന്നത്.

റീജിയണൽ മത്സരങ്ങളിൽ വിജയിക്കുന്നവർ ഏറ്റുമുട്ടുന്ന ദേശീയ വേദികൾ ആണ് യുക്മ ദേശീയ കായികമേളകൾ. റീജണൽ കായികമേളകളിൽ വ്യക്തിഗത ഇനങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്കും ഗ്രൂപ്പ് ഇനങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്കുമാണ് ദേശീയ മേളയിൽ പങ്കെടുക്കുവാൻ അവസരം. പ്രധാനപ്പെട്ട റീജിയണുകൾ എല്ലാം തന്നെ റീജണൽ കായികമേളയുടെ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.

നോർത്ത് വെസ്റ്റ്, ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ്, സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ്, ഈസ്റ്റ് ആംഗ്ലിയ, യോർക്ക് ഷെയർ ആൻഡ് ഹംബർ എന്നീ റീജിയണുകളിൽ പുത്തൻ നേതൃത്വം കായികമേളയോടുകൂടി പ്രവർത്തനവർഷം സജീവമാക്കാനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. വെയിൽസ് റീജിയണും പുനഃസംഘടിപ്പിക്കപ്പെട്ട നോർത്ത് ഈസ്റ്റ് ആൻഡ് സ്കോട്ട്ലൻഡ് റീജിയണും ദേശീയ കമ്മിറ്റിയുടെ സഹകരണത്തോടെ തങ്ങളുടെ റീജണൽ കായിക മേളകൾ സംഘടിപ്പിക്കാനുള്ള തയാറെടുപ്പിലാണ്.

യുക്മ ദേശീയ ജോയിന്‍റ് ട്രഷറർ ടിറ്റോ തോമസ് ആണ് ദേശീയ കായിക മേളയുടെ ജനറൽ കൺവീനർ. യുക്മ ദേശീയ പ്രസിഡന്‍റ് മനോജ്‌കുമാർ പിള്ള ചെയർമാനും ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് ചെയർമാനായുള്ള സമിതി റീജിയണൽ - ദേശീയതല കായിക മേളകളുടെ തയാറെടുപ്പുകൾ വിലയിരുത്തി വരുന്നു.

യുക്മ ദേശീയ കായികമേളയുടെ നിയമാവലി ദേശീയ കമ്മറ്റി പ്രസിദ്ധീകരിച്ചു. യു കെ യിലെ കായിക പ്രേമികളുടെയും യുക്മ പ്രവർത്തകരുടെയും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ചുകൊണ്ട് "2019 കായികമേള മാനുവൽ" കൂടുതൽ പരിഷ്‌കാരങ്ങൾ വരുത്തുവാനും കൂടുതൽ ജനകീയമാക്കുവാനുമാണ് ഭരണസമിതി ആഗ്രഹിക്കുന്നത്. ഇതിലേക്കായുള്ള നിർദ്ദേശങ്ങൾ [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ഏപ്രിൽ 25 ന് (വ്യാഴം) വൈകുന്നേരം 5 വരെ അയയ്ക്കാവുന്നതാണ്. നിലവിലുള്ള കായികമേള മാനുവൽ ലിങ്ക് ഈ വാർത്തയോടൊപ്പം ചേർത്തിരിക്കുന്നു.

യുക്മ ദേശീയ കായികമേള സന്ദേശം കൂടുതൽ പേരിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി ദേശീയ കമ്മിറ്റി ഈ വർഷം ഒരു ലോഗോ മത്സരം സംഘടിപ്പിക്കുകയാണ്. കംപ്യൂട്ടർ സാങ്കേതിക വിദ്യയിൽ തയാർ ചെയ്യുന്ന ലോഗോ ഡിസൈനുകളാണ് ക്ഷണിക്കുന്നത്. ലോഗോകൾ പൂർണമായും സ്വതന്ത്രവും അനുകരണങ്ങൾക്ക് അതീതവും ആയിരിക്കണം. മത്സരത്തിനുള്ള ലോഗോകൾ മേയ് 4 ന് (ശനി) മുൻപായി [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ ലഭിക്കേണ്ടതാണ്. ഒരാൾക്ക് രണ്ട് ലോഗോകൾ വരെ അയയ്ക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ രൂപകല്പ്പന ചെയ്യുന്ന വ്യക്തിയെ യുക്മ ദേശീയ വേദിയിൽ ആദരിക്കും.

യു കെ മലയാളികളുടെ കായിക ഭൂപടത്തിൽ യുക്മയുടെയും വിൻഡ്‌ലി ലെഷർ സെന്‍ററിന്‍റേയും പേരുകൾ അനിഷേധ്യമാംവിധം ചേർത്ത് എഴുതപ്പെട്ടിരിക്കുന്ന യുക്മ ദേശീയ കായികമേള വൻവിജയമാക്കുവാൻ എല്ലാ യുക്മ പ്രവർത്തകരും യു കെ മലയാളി കായിക പ്രേമികളും സഹകരിക്കണമെന്ന് യുക്മ ദേശീയ ഭരണസമിതി അഭ്യർഥിച്ചു.

റിപ്പോർട്ട്:സജീഷ് ടോം