ഹാരി രാജകുമാരന്‍റെ കുട്ടിക്ക് യുഎസിൽ നികുതി
Tuesday, April 16, 2019 10:30 PM IST
ലണ്ടൻ:ഹാരി രാജകുമാരന്‍റേയും മേഗൻ മാർകിളിന്‍റെയും ജനിക്കാനിരിക്കുന്ന കുട്ടിക്ക് യുഎസിൽ നികുതി ബാധകമാകും. ഹാരി ബ്രിട്ടീഷ് പൗരനാണെങ്കിലും ഭാര്യ മേഗന് അമേരിക്കൻ പൗരത്വമാണുള്ളത്. ഇതാണ് കുട്ടിക്ക് നികുതി വരാൻ കാരണം.

കുഞ്ഞിന് ഒരേസമയം ബ്രിട്ടീഷ് പൗരത്വവും അമേരിക്കൻ പൗരത്വവും ലഭിക്കും. താമസത്തിനല്ലാതെ പൗരത്വത്തിന് നികുതി ഈടാക്കുന്ന ചുരുക്കം രാജ്യങ്ങളിലൊന്നാണ് യുഎസ് എന്നതിനാൽ അവരുടെ കുട്ടിക്കും നികുതിയുണ്ടാവും. കുഞ്ഞിന് ലഭിക്കുന്ന സമ്മാനങ്ങൾക്ക് വരെ യുഎസ് സർക്കാറിന് ദന്പതികൾ നികുതി ഒടുക്കേണ്ടിവരും.

നേരത്തെ, മേഗന് ഭർത്താവ് ഹാരിയിൽ നിന്നു ലഭിക്കുന്ന പണത്തിനും വസ്തുവകകൾക്കും യുഎസ് നികുതി ചുമത്തുന്നതിന്‍റെ കണക്കുകൾ പുറത്തുവന്നിരുന്നു. 500 കോടി ഡോളറോളം മൂല്യമുള്ള മേഗെന്‍റെ യുഎസ് വസ്തുവകകൾക്ക് മേലും ഹാരിയുടെ മൂന്ന് ലക്ഷത്തോളം പൗണ്ട് മൂല്യമുള്ള ട്രസ്റ്റ് ഫണ്ടിലേക്കും പുതിയ നികുതി വ്യാപിപ്പിക്കാൻ യുഎസ് അധികൃതർ ലക്ഷ്യമിടുകയും ചെയ്തിരുന്നു.

യുഎസ് പൗരന്മാരുടെ പക്കൽ വിദേശത്തും സ്വദേശത്തുമുള്ള എല്ലാ വസ്തുവകകൾക്കും പണത്തിനും മേൽ നികുതി ചുമത്തുന്നതിൽ ഇന്‍റേണൽ റവന്യൂ സർവീസ് കടുത്ത ജാഗ്രതയാണ് പുലത്തുന്നത്. മേഗൻ യുകെയിൽ ജീവിക്കുന്നത് ഫാമിലി വീസയിലാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ