നോട്രഡാമിലേക്ക് സഹായ പ്രവാഹം
Wednesday, April 17, 2019 9:11 PM IST
പാരീസ്: തീപിടിത്തമുണ്ടായ നോട്രഡാമിലെ ലോക പ്രശസ്തമായ പള്ളി പുനര്‍നിര്‍മിക്കാന്‍ ഫ്രാന്‍സിന് അകത്തുനിന്നും പുറത്തുനിനും ധനസഹായത്തിന്‍റെ പ്രവാഹം. നിരവധി കമ്പനികളും വ്യവസായ ഭീമന്‍മാരും പ്രഖ്യാപിച്ച സഹായ ധനം ഇതിനകം 900 മില്യൺ യൂറോ കടന്നു.

യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളെല്ലാം സഹായവുമായി കൂടെ നില്‍ക്കണമെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ടസ്‌ക് ആഹ്വാനം ചെയ്തു.

കത്തീഡ്രലിന്‍റെ പുനരുദ്ധാരണത്തിന്‍റെ ചുമതല ഏറ്റെടുത്ത ഫൗണ്ടേഷന്‍ പ്രസിഡന്‍റ് എറിക് ഫിഷറിന്റെ അഭിപ്രായത്തില്‍, പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പതിറ്റാണ്ടുകളെടുക്കും. എന്നാല്‍, അഞ്ച് വര്‍ഷത്തിനുള്ളില്‍ പഴയതിനെക്കാള്‍ സുന്ദരമായ പള്ളി ഇവിടെ പുനര്‍നിര്‍മിക്കുമെന്നാണ് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍