ഒരു മനസും ഹൃദയവുമായി ഒരു കുടുംബം പോലെ കഴിയേണ്ടവരാണ് സഭാ സമൂഹം: മാർ ബോസ്കോ പുത്തൂർ
Wednesday, April 17, 2019 11:27 PM IST
മെൽബണ്‍: അന്ത്യ അത്താഴ സമയത്ത് സ്നേഹത്തിന്‍റെ ഏറ്റവും വലിയ കൂദാശ സ്ഥാപിച്ചുകൊണ്ട് ഈശോ നമുക്ക് നല്കിയ കൗദാശികദാനമായ വിശുദ്ധ കുർബാന അനുദിനം, പ്രത്യേകിച്ച് ഞായറാഴ്ചകളിൽ ആചരിക്കുന്പോൾ ഈശോയിൽ ഒന്നാകുന്ന തീവ്രമായ അനുഭവം നമ്മിലുണ്ടാകണമെന്ന് രൂപതാംഗങ്ങൾക്ക് നൽകിയ പ്രത്യേക സന്ദേശത്തിൽ മെൽബണ്‍ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ബോസ്കോ പുത്തൂർ.

എല്ലാവരെയും ദാസന്മാരെപ്പോലെ സ്നേഹിക്കാനും ശുശ്രൂഷിക്കാനും എളിമയുടെ ഉദാത്ത മാതൃകയാണ് ശിഷ്യന്മാരുടെ പാദങ്ങൾ കഴുകികൊണ്ട് ഈശോ നല്കിയത്. വിശുദ്ധരായ വൈദികർ സഭയിൽ ഇനിയും ഉണ്ടാകാൻ എല്ലാ സഭാമക്കളും തീവ്രമായി പ്രാർഥിക്കണമെന്നും മാർ ബോസ്കോ പുത്തൂർ അഭ്യർഥിച്ചു. സ്നേഹത്തിന്‍റെ ഏറ്റവും വലിയ ഉദാഹരണമായ ഈശോയുടെ കുരിശുമരണത്തെ ധ്യാനിക്കുന്ന ദുഃഖവെള്ളി ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം രക്ഷയുടെ ദിനമാണെന്നും പിതാവ് ഓർമിപ്പിച്ചു.

മെൽബണ്‍ സെന്‍റ് അൽഫോൻസ കത്തീഡ്രൽ ഇടവകയിലെ ക്രേഗീബേണ്‍ സെന്‍ററിൽ വൈകുന്നേരം 7 ന് നടക്കുന്ന പെസഹാ വ്യാഴാഴ്ചയിലെ തിരുക്കർമ്മങ്ങൾക്ക് മാർ ബോസ്കോ പുത്തൂർ മുഖ്യകാർമികത്വം വഹിക്കും. വൈകുന്നേരം ഏഴിന് റിസെവോ സെന്‍ററിലെ തി ക്കർമ്മങ്ങൾക്ക് കത്തീഡ്രൽ വികാരി ഫാ.മാത്യു കൊച്ചുപുരയ്ക്കൽ നേതൃത്വം നൽകും.

മെൽബണ്‍ നോർത്ത് കത്തീഡ്രൽ ഇടവകയും മെൽബണ്‍ വെസ്റ്റ് ഇടവകയും മെൽബണ്‍ ക്നാനായ മിഷനും സംയുക്തമായാണ് ദു:ഖവെള്ളിയിലെ തിരുക്കർമ്മങ്ങൾ ബക്കസ്മാഷിലുള്ള മലമുകളിലെ ചാപ്പലിൽ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 10 ന് ആരംഭിക്കുന്ന തിരുക്കർമ്മങ്ങളിൽ മാർ ബോസ്കോ പുത്തൂർ മുഖ്യകാർമ്മികത്വം വഹിക്കും. കത്തീഡ്രൽ വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ, മെൽബണ്‍ വെസ്റ്റ് ഇടവക വികാരി ഫാ. അബ്രഹാം നടുക്കുന്നേൽ, മെൽബണ്‍ ക്നാനായ മിഷൻ ചാപ്ലയിൻ ഫാ. പ്രിൻസ് തൈപുരയിടത്തിൽ എന്നിവർ സഹകാർമ്മികരാകും.

വിലാസം: 53 Flanagans Drive, Merrimu, VIC, 3340

റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ