ബംഗളൂരു വിമാനത്താവളത്തിലെ യൂസർ ഫീ കുത്തനെ ഉയർത്തി
Saturday, April 20, 2019 8:00 PM IST
ബംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ യൂസർഫീ 120 ശതമാനം വർധിപ്പിച്ചു. പുതിയ നിരക്ക് പ്രകാരം ആഭ്യന്തര യാത്രികർ 139 രൂപയ്ക്കു പകരം ഇനി 306 രൂപ യൂസർ ഫീ ഇനത്തിൽ നല്കണം. അതേസമയം, അന്താരാഷ്ട്ര യാത്രികർ 558 രൂപ നല്കിയ സ്ഥാനത്ത് ഇനിമുതൽ 1226 രൂപയാണ് നല്കേണ്ടത്. നാലു മാസത്തേക്കാണ് യൂസർഫീ വർധന. ഓഗസ്റ്റ് 15നു ശേഷം ഈ നിരക്ക് പുനഃപരിശോധിക്കും.

വിമാനത്താവളത്തിന്‍റെ അടിസ്ഥാനസൗകര്യവികസനത്തിന് പണം കണ്ടെത്തണമെന്ന വിമാനത്താവള അധികൃതരുടെ അപേക്ഷയെത്തുടർന്നാണ് എയർപോർട്ട് ഇക്കണോമിക് റഗുലേറ്ററി അഥോറിറ്റി യൂസർ ഫീ വർധിപ്പിക്കാൻ അനുമതി നല്കിയത്. വിമാനത്താവളത്തിൽ പണിപൂർത്തിയായിക്കൊണ്ടിരിക്കുന്ന രണ്ടാമത്തെ ടെർമിനലിനും വിമാനത്താവളത്തിലേക്ക് ദീർഘിപ്പിക്കുന്ന മെട്രോ പദ്ധതിക്കും വേണ്ടി ഈ പണം വിനിയോഗിക്കും.