ലണ്ടനിൽ ഡോ. തോമസ് ഐസക്ക് യുകെ മലയാളികളുമായി സംവദിക്കുന്നു
Thursday, May 16, 2019 3:31 PM IST
ലണ്ടൻ: യുകെ സന്ദർശനത്തിനെത്തുന്ന കേരള ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്കിനും കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്‍റർപ്രൈസസ് ചെയർമാൻ അഡ്വ. ഫീലിപ്പോസ് തോമസിനും ബ്രിട്ടനിലെ മലയാളി സംഘടനകളുടെ പ്രതിനിധികളുമായി സംവദിക്കുവാൻ യുക്മ വേദിയൊരുക്കുന്നു.

മേയ് 17ന് ( വെള്ളി) ഉച്ചകഴിഞ്ഞ് 2.30 ന് ലണ്ടനിലെ മോണ്ട്കാം ഹോട്ടലില്‍ നടക്കുന്ന കെ എസ് എഫ് ഇ പ്രവാസി ചിട്ടിയുടെ യൂറോപ്പ് മേഖലാ ഉദ്ഘാടനത്തില്‍ യുക്മ പ്രതിനിധികളും പങ്കെടുക്കും. ദേശീയ ഭാരവാഹികളായ അനീഷ് ജോണ്‍, അഡ്വ. എബി സെബാസ്റ്റ്യന്‍, സെലീന സജീവ്, ടിറ്റോ തോമസ് എന്നിവരടങ്ങുന്ന പ്രതിനിധി സംഘമാണ് ചടങ്ങില്‍ അതിഥികളായി യുക്മയെ പ്രതിനിധീകരിക്കുന്നത്.

പ്രളയദുരിതത്തില്‍ അകപ്പെട്ട സംസ്ഥാനത്തിന്‍റെ പുനര്‍നിര്‍മാണത്തിനായി നിരവധി പദ്ധതികള്‍ ആവിഷ്കരിക്കുകയും അതിനായി അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന തരത്തില്‍ ധനസമാഹരണം നടത്തുകയുമെല്ലാം ചെയ്യുന്ന സംസ്ഥാന സര്‍ക്കാര്‍ പ്രവാസി മലയാളികളുടെ പിന്തുണയും ഇതിനായി തേടുന്നുണ്ട്. മുന്പ് ഗള്‍ഫ് നാടുകളില്‍ വിജയകരമായി നടപ്പിലാക്കിയ പ്രവാസി ചിട്ടി യൂറോപ്പിലെ മലയാളികള്‍ക്കിടയിലും വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ധനമന്ത്രിയും സംഘവും യുകെയിലെത്തുന്നത്.

കേരളത്തിന്‍റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് ധനകാര്യവകുപ്പ് മന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കുന്നതിനും പ്രവാസി മലയാളികളുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും പ്രവാസികളെ സംബന്ധിക്കുന്ന വിഷയങ്ങള്‍ ഉന്നയിക്കുന്നതിനും ചടങ്ങില്‍ വിവിധ സംഘടനാ പ്രതിനിധികള്‍ക്ക് അവസരമുണ്ടായിരിക്കും. കെ എസ് എഫ് ഇ മാനേജിംഗ് ഡയറക്റ്റർ എ പുരുഷോത്തമനും ചടങ്ങിൽ പങ്കെടുക്കും. പരിപാടിയുടെ സുഗമമായ നടത്തിപ്പിനുവേണ്ടി ചോദ്യങ്ങള്‍ ചോദിക്കുന്നതിന് താത്പര്യപ്പെടുന്നവര്‍ യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗീസുമായി ബന്ധപ്പെടേണ്ടതാണ്. (Mobile number : 07985641921).

മിഡ്‌ലാൻഡ്‌സിലെ വൂസ്റ്റര്‍ഷെയറില്‍ യുക്മ ദേശീയ ഭരണസമിതിയുടേതായി സംഘടിപ്പിക്കപ്പെടുന്ന ആദ്യപരിപാടിയാണിത്. യുക്മ മിഡ്‌ലാൻഡ്‌സ് റീജിയണൽ സെക്രട്ടറി നോബി ജോസിന്റെ പ്രത്യേക അഭ്യര്‍ത്ഥനപ്രകാരമാണ് പുതിയ ദേശീയ കമ്മിറ്റിയുടെ ആദ്യ ബഹുജന പരിപാടി വൂസ്റ്ററിൽ തന്നെ നടത്തുവാൻ ദേശീയ ഭരണസമിതി തീരുമാനിച്ചത്. മിഡ്‌ലാൻഡ്‌സിലെത്തുന്ന മന്ത്രിയെയും സംഘത്തെയും സ്വീകരിക്കുവാന്‍ റീജണല്‍ പ്രസിഡന്‍റ് ബെന്നി പോള്‍, നാഷണല്‍ കമ്മിറ്റി അംഗം സന്തോഷ് തോമസ് എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

റിപ്പോർട്ട്: സജീഷ് ടോം