വിയന്നയില്‍ ട്രേഡ് യൂണിയന്‍ തെരഞ്ഞെടുപ്പ് മേയ് 17 ന്
Thursday, May 16, 2019 4:11 PM IST
വിയന്ന: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ട്രേഡ് യൂണിയന്‍ തെരഞ്ഞെടുപ്പ് മേയ് 17 ന് (വെള്ളി) നടക്കും. അറുപതിനായിരത്തോളം വരുന്ന തൊഴിലാളികളാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സര്‍ക്കാരിനോട് ചേര്‍ന്നു നിന്നുകൊണ്ട് തൊഴിലാളി വിരുദ്ധ നടപടികള്‍ക്ക് കൂട്ടുപിടിച്ച ഭരണകക്ഷി യൂണിയനായ സോഷ്യലിസ്റ്റ് ഗ്രൂപ്പ് അധികാരം നിലനിര്‍ത്താന്‍ പോരാടുകയാണ്. അവർ ഇനിയും അധികാരത്തില്‍ വന്നാല്‍ ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കാന്‍ സാധ്യതയുണ്ട്. 2018 മുതല്‍ ജോലിക്ക് കയറിയവര്‍ക്ക് മുന്‍കാലങ്ങളില്‍ ജോലിക്ക് കയറിയവരെക്കാള്‍ 5000 യൂറോ വരെ വര്ഷം കൂടുതല്‍ നല്‍കി മുതിര്‍ന്ന തൊഴിലാളികളെ നാണംകെടുത്തിയത് ഇവര്‍ മറന്നുകാണില്ല. പല സര്‍ക്കാര്‍ വസ്തുവകകളും വില്‍ക്കുകയും പകരം വാടക കെട്ടിടത്തില്‍ ആതുരാലയങ്ങള്‍ നടത്തുകയും ചെയ്യാന്‍ കൂട്ടുനിന്നതിനാല്‍ തൊഴിലാളികള്‍ മറിച്ച് ചിന്തിക്കാന്‍ സാധ്യതയുണ്ട്.

കഴിഞ്ഞ മാസം തുറന്ന പുതിയ ആശുപത്രിക്ക് 40 കോടി യൂറോയ്ക്ക് പകരം 80 കോടി യൂറോയാണ് ചെലവാക്കിയത്. ഇവര്‍ക്കെതിരെ അങ്കംവെട്ടാന്‍ സ്വതന്ത്ര തൊഴിലാളി സംഘടനകളും രംഗത്തുണ്ട്.

ഓസ്ട്രിയയിലെ എല്ലാ ഇന്ത്യന്‍ ജീവനക്കാരും അവരുടെ സമ്മതിദാനാവകാശം ശരിയായി വിനിയോഗിക്കണമെന്ന് പ്രതിപക്ഷ ട്രേഡ് യൂണിയന്‍ നേതാവ് ബൈജു ഓണാട്ട് അഭ്യര്‍ഥിച്ചു.

റിപ്പോർട്ട്: ഷിജി ചീരംവേലില്‍