ജർമനിയിൽ ടെസ്റ്റ് ഡ്രൈവിംഗിനിടെ രണ്ടു മില്യന്‍റെ ഫെരാരിയുമായി കടന്നു
Thursday, May 16, 2019 9:09 PM IST
ബർലിൻ: രണ്ടു മില്യൺ യൂറോ വില വരുന്ന ഫെരാരി കാറുമായി ടെസ്റ്റ് ഡ്രൈവിനെത്തിയ ആൾ മുങ്ങി. ജർമനിയിലെ നോർറൈൻ വെസ്റ്റ് ഫാളിയ സംസ്ഥാനത്തിന്‍റെ തലസ്ഥാനമായ ഡ്യൂസൽഡോർഫിലാണ് സംഭവം.

1985 മോഡൽ 288 ജിടിഒ വാങ്ങാനെന്ന വ്യാജേനയാണ് ഇയാൾ ഉടമയെ സമീപിച്ചത്. ടെസ്റ്റ് ഡ്രൈവ് സമയത്ത് ഉടമ കൂടെയുണ്ടായിരുന്നു. വണ്ടി നിർത്തി ഡ്രൈവിംഗ് സീറ്റിലേക്കു മാറാൻ ഉടമ ഇറങ്ങിയപ്പോൾ കള്ളൻ അതിവേഗത്തിൽ കാറോടിച്ചു പോകുകയായിരുന്നു.

പഴയ ആഡംബര കാറുകളുടെ ശേഖരത്തിലേക്ക് എന്നു പറഞ്ഞാണ് ഇയാൾ കാർ വാങ്ങാൻ വന്നത്. വന്നതാകട്ടെ ടാക്സിയിലും. ഡ്യുസൽഡോർഫിനടുത്തു തന്നെയുള്ള ഒരു ഗാരേജിൽ ഒളിപ്പിക്കാൻ ശ്രമിച്ച നിലയിൽ കാർ പിന്നീട് കണ്ടെത്തി. കള്ളനെ പിടികൂടാനായിട്ടില്ല. ഇയാളുടെ ചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്.

ഒരുകാലത്ത് ജയിംസ് ബോണ്ട് പരന്പര അടക്കം നിരവധി ഹോളിവുഡ് സിനിമകളിൽ ഇടം പിടിച്ച കാറാണ് ഫെരാരി 288 ജിടിഒ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ