ടോം ആദിത്യ ബ്രിസ്റ്റോൾ മേയർ
Thursday, May 16, 2019 9:20 PM IST
ലണ്ടൻ: ബ്രിട്ടനിലെ ബ്രിസ്റ്റോൾ നഗരമേയറായി മലയാളിയായ ടോം ആദിത്യ തെരഞ്ഞെടുക്കപ്പെട്ടു.രണ്ടാഴ്ച മുൻപ് നടന്ന പ്രാദേശിക തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കണ്‍സർവേറ്റീവ് പാർട്ടിയുടെ ടിക്കറ്റിൽ മൽസരിച്ച ടോം ആദിത്യ ഹാട്രിക് വിജയം നേടിയാണ് ഇത്തവണ മേയറായി സ്ഥാനമേറ്റത്. ബ്രിസ്റ്റോളിലെ ബ്രാഡ്ലി സ്റ്റോക്കിൽ നിന്നുമാണ് റാന്നി സ്വദേശിയായ ടോം ആദിത്യ മൽസരിച്ചു വിജയിച്ചത്. മുൻപ് 2011 ലും 2015 ലും ബ്രിസ്റ്റോൾ ബ്രാഡ്ലി സ്റ്റോക്കിൽ നിന്നുമാണ് ജനകീയനായ ടോം തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. നിലവിൽ ഡെപ്യൂട്ടി മേയറായിരുന്നു ടോം.

ഏതാണ്ട് ഏഴുലക്ഷത്തോളം ആളുകളാണ് ബ്രിസ്റ്റോൾ നഗരപരിധിയിൽ അധിവസിക്കുന്നത്.ബ്രിട്ടനിലെ നാൽപ്പത്തിയേഴാമത്തെ വലിയ സെറിമോണിയൽ കൗണ്ടിയും ജനസാന്ദ്രതയിൽ ഏഴാം സ്ഥാനത്തുമാണ്. ഇംഗ്ലണ്ടfന്‍റെ സൗത്ത് വെസ്റ്റ് പ്രദേശമാണ് ബ്രിസ്റ്റോൾ.ഒട്ടനവധി മലയാളികളും ബ്രിസ്റ്റോളിൽ കുടിയേറിയിട്ടുണ്ട്.

കണ്‍സർവേറ്റീവ് അംഗമായ ടോം മേയറായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ദക്ഷിണേന്ത്യക്കാരനും പ്രത്യേകിച്ച് ഈ പദവിയിലെത്തുന്ന ആദ്യത്തെ മലയാളിയുമാണ്.

റാന്നി ഇരൂരിക്കൽ ആദിത്യപുരം തോമസ് മാത്യുവിന്‍റെയും ഗുലാബി മാത്യുവിന്‍റെയും പുത്രനും പാലാ നഗരപിതാവായിരുന്ന സ്വാതന്ത്ര്യസമര സേനാനി വെട്ടം മാണിയുടെ പൗത്രനുമാണ് ടോം.

ബിരുദം നേടിയ ശേഷം നിയമപഠനവും എംബിഎയും പൂർത്തിയാക്കിയ ടോം അമേരിക്കയിലെ പ്രൊജക്ട് മാനേജ്മെന്‍റ് ഇൻസ്റിറ്റ്യൂട്ടിൽ നിന്നും ലണ്ടനിലെ ഐഎഫ്എസ് യൂണിവേഴ്സിറ്റിയിൽ നിന്നും ഫിനാൻഷ്യൽ സർവീസിൽ ഉപരിപഠനവും പൂർത്തിയാക്കിയാണ് ടോം യുകെയിലെത്തുന്നത്. ലിനിയാണ് ടോമിന്‍റെ ഭാര്യ. മക്കൾ:അഭിഷേക്, അലീന, ആൽബെർട്ട്, അഡോണ, അൽഫോൻസ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ടോമിന്‍റെ പ്രവൃത്തിമേഖലയിൽ, സാമൂഹ്യപ്രവർത്തനത്തിൽ അദ്ദേഹം ജനങ്ങളോടു പുലർത്തുന്ന സമീപനം, ഇടപെടൽ, സുതാര്യത, പാർട്ടിയെ ജനങ്ങളുമായി അടുപ്പിയ്ക്കുന്ന ഒരു വ്യക്തിയെന്ന നിലയിൽ കണ്‍സർവേറ്റീവ് പാർട്ടിയിൽ തിളങ്ങുന്ന വ്യക്തിത്വമാണ് ടോമിനുള്ളത്.
സാമൂഹ്യ പ്രതിബദ്ധതയും, ശ്രദ്ധയും, അർപ്പണമനോഭാവും ടോമിനെ വ്യത്യസ്തനാക്കുന്നു.

രണ്ടു തവണയും(2011,2015) ബ്രിസ്റ്റോൾ ബ്രാഡ്ലി സ്റ്റോക്കിൽ നിന്നും പോൾ ചെയ്യപ്പെട്ട വോട്ടിന്‍റെ മൂന്നിൽ രണ്ട ു ഭാഗവും നേടിയാണ് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ ഇത്തവണ വോട്ടിംഗ് നില പൊതുവേ കുറഞ്ഞിരുന്നെങ്കിലും ടോമിന്‍റെ ജനകീയതയ്ക്ക് കോട്ടം തട്ടിയില്ല.

സൗത്ത് വെസ്റ്റ് ഇംഗ്ളണ്ട ിലെ ബ്രിസ്റ്റോൾ സിറ്റിയും ഒൻപതു സമീപ ജില്ലകളും ഉൾപ്പെടുന്ന എവണ്‍ ആന്‍റ് സമർസെറ്റ് പോലീസ് ബോർഡിന്‍റെ (സൂക്ഷ്മപരിശോധനാ പാനൽ) വൈസ് ചെയർമാനായും സേവനം ചെയ്യുന്ന ടോം ഈ കൗണ്ട ിയിൽ (പ്രവിശ്യയിൽ) തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഏഷ്യൻ വംശജനാണ്.ബ്രിസ്റ്റോൾ നഗരത്തിലെ പൊതു പ്ലാറ്റ്ഫോമായ ബ്രിസ്റ്റോൾ ഫോറത്തിന്‍റെ (മൾട്ടി ഫെയിത്ത് ഫോറം) ചെയർമാനാണ്. 98% വെള്ളക്കാർ താമസിക്കുന്ന തെക്കൻ ഗ്ലോസ്റ്റർഷയർ കൗണ്ട ിയിൽ തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഇന്ത്യക്കാരനും ആദ്യ ഏഷ്യക്കാരനുമാണ് ടോം ആദിത്യ. മാനേജ്മെന്‍റ് കണ്‍സൾട്ടന്‍റ്, ഹ്യൂമൻ റൈറ്റ് കാന്പേയ്നർ എന്നീ നിലകളിലുള്ള ടോമിന്‍റെ മികച്ച പ്രവർത്തനം ഇത്തവണയും വിജയത്തിന്‍റെ ഘടകങ്ങളായി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ