ജര്‍മനിയില്‍ ഇലക്ട്രിക് എയര്‍ ടാക്‌സിയുമായി ബവേറിയന്‍ സ്റ്റാര്‍ട്ടപ്പ്
Sunday, May 19, 2019 4:24 PM IST
ബര്‍ലിന്‍: 2025ല്‍ ഇലക്ട്രിക് എയര്‍ ടാക്‌സി സര്‍വീസ് തുടങ്ങാന്‍ ബവേറിയന്‍ സ്റ്റാര്‍ട്ടപ്പ് സ്ഥാപനം തയാറെടുക്കുന്നു. പൈലറ്റ് ആവശ്യമില്ലാത്ത ജെറ്റ് വിമാനങ്ങളായിരിക്കും സര്‍വീസിന് ഉപയോഗിക്കുക എന്ന് ലിലിയം എന്ന സ്ഥാപനത്തിന്റെ മേധാവികള്‍ അറിയിച്ചു.

അഞ്ച് പേര്‍ക്ക് ഇരിക്കാവുന്ന വിമാനത്തിന്റെ പ്രോട്ടോടൈപ്പും കമ്പനി അവതരിപ്പിച്ചു. എയര്‍ബസ്, ബോയിങ്, ഊബര്‍ തുടങ്ങിയ വമ്പന്‍മാരായാണ് ലിലിയം എയര്‍ ടാക്‌സി മേഖലയില്‍ മത്സരിക്കാന്‍ പോകുന്നത്. റോട്ടോറുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എതിരാളുകളുടെ വിമാനങ്ങളെക്കാള്‍ തങ്ങളുടെ ജെറ്റ് മാതൃകയിലുള്ള വിമാനങ്ങള്‍ മുന്നിലായിരിക്കുമെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍.

ഹെലികോപ്റ്റര്‍ പോലെ നേരേ മുകളിലേക്ക് ഉയരാന്‍ സാധിക്കുന്നതാണ് ഈ വിമാനങ്ങള്‍. മുന്നോട്ടു നീങ്ങാന്‍ ചിറകുകളുമുണ്ട്. മണിക്കൂറില്‍ പരമാവധി 300 കിലോമീറ്റര്‍ വരെ വേഗം. ഒറ്റ ചാര്‍ജിങ്ങില്‍ 300 കിലോമീറ്റര്‍ പറക്കാനും സാധിക്കും. എന്നാല്‍, എയര്‍ബസിന്റെയും ബോയിങ്ങിന്റെയും മോഡലുകള്‍ക്ക് ഇത്രയും ദൂരം നിര്‍ത്താതെ പറക്കാന്‍ സാധിക്കില്ല.

ഗ്രൗണ്ട് സ്റ്റേഷനില്‍ തന്നെയായിരിക്കും വിമാനങ്ങളുടെ നിയന്ത്രണം. മ്യൂണിച്ചില്‍ ഇതിന്റെ പരീക്ഷണവും ഈ മാസം ആദ്യം നടത്തിയിരുന്നു. എന്നാല്‍, എത്ര സമയം വിമാനം പറത്തി എന്നതടക്കമുള്ള വിശദാംശങ്ങള്‍ ലിലിയം പുറത്തുവിട്ടിട്ടില്ല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍