കൊളോണ്‍ കേരള സമാജത്തിന് പുതിയ സാരഥികള്‍ ; ജോസ് പുതുശേരി വീണ്ടും പ്രസിഡന്റ്
Sunday, May 19, 2019 4:25 PM IST
കൊളോണ്‍: ജര്‍മനിയിലെ വലിയ മലയാളി സംഘടനയായ കൊളോണ്‍ കേരള സമാജത്തിന്റെ 2019 ലെ വാര്‍ഷിക സമ്മേളനവും 2019-21 ലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി.

മെയ 16 നു (വ്യാഴം) വൈകുന്നേരം ആറിനു കൊളോണ്‍ റോണ്‍ഡോര്‍ഫിലെ വി.പൂജരാജാക്കന്മാരുടെ നാമധേയത്തിലുള്ള പള്ളി ഹാളില്‍ പ്രസിഡന്റ് ജോസ് പുതുശ്ശേരിയുടെ അധ്യക്ഷതയില്‍ കൂടിയ വാര്‍ഷിക പൊതുയോഗത്തില്‍, ഇടവക വികാരി ഫാ.ജോര്‍ജ് വെമ്പാടുംതറ സിഎംഐയുടെ ഈശ്വരപ്രാര്‍ത്ഥനയ്ക്കു ശേഷം പ്രസിഡന്റ് സ്വാഗതം ആശംസിച്ചു. ജനറല്‍ സെക്രട്ടറി ഡേവിസ് വടക്കുംചേരി വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ ഷീബ കല്ലറയ്ക്കല്‍ വാര്‍ഷിക കണക്കും, ഓഡിറ്റര്‍ ജോസ് അരീക്കാടന്‍ ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

പൊതുചര്‍ച്ചയ്ക്കു ശേഷം റിപ്പോര്‍ട്ടും, കണക്കും ഐക്യകണ്‌ഠ്യേന പാസാക്കി. ജനറല്‍ സെക്രട്ടറി ഡേവീസ് നന്ദി പ്രകാശിപ്പിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷക്കാലം സമാജം നടത്തിയ പ്രവര്‍ത്തനങ്ങള്‍, മലയാളി ജര്‍മന്‍ സമൂഹത്തിന്റെ അഭിവൃദ്ധിയ്ക്കും ഉല്ലാസത്തിനും സംയുക്തമായ കൂട്ടായ്മയ്ക്കും വഴിതെളിച്ചുവെന്ന് ചര്‍ച്ചയില്‍ ഏകാഭിപ്രായം ഉരുത്തിരിഞ്ഞത് സമാജത്തിന്റെ കെട്ടുറപ്പിനുള്ള സമ്മതപത്രമായി. മുന്‍ അംഗം സ്‌കറിയാ ജോര്‍ജിന്റെ നിര്യാണത്തില്‍ പൊതുയോഗം അനുശോചനം രേഖപ്പെടുത്തി.

പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിനായി മുഖ്യവരണാധികാരിയായി പൊതുയോഗം തെരഞ്ഞെടുത്ത ജോണി അരീക്കാട്ട്, സഹായിയായി അലക്‌സ് കള്ളിക്കാടന്‍ എന്നിവര്‍ തെരഞ്ഞെടുപ്പു നടപടികള്‍ നിയന്ത്രിച്ചു.

ജോസ് പുതുശ്ശേരി പന്ത്രണ്ടാം തവണയും പ്രസിഡന്റായി ഐകകണ്‌ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറിയായി ഡേവീസ് വടക്കുംചേരിയും, ട്രഷററായി ഷീബ കല്ലറയ്ക്കലും എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

തുടര്‍ന്ന് നടന്ന വോട്ടെടുപ്പില്‍ ഇരുപതാമത് ഭരണസമിതി ഭരണസമിതി അംഗങ്ങളായി പോള്‍ ചിറയത്ത് (വൈസ് പ്രസിഡന്റ്), ജോസ് കുമ്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി), ജോസ് നെടുങ്ങാട്ട് (ജോയിന്റ് സെക്രട്ടറി) എന്നിവര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. അലക്‌സ് കള്ളിക്കാടന്‍ സ്‌പോര്‍ട്‌സ് സെക്രട്ടറിയായയും, ജോസ് അരീക്കാടന്‍, ജോസഫ് കളപ്പുരയ്ക്കല്‍ എന്നിവര്‍ ഓഡിറ്റര്‍മാരായും തെരഞ്ഞെടുക്കപ്പെട്ടു.

തെരഞ്ഞെടുപ്പിന് ശേഷം ഈ വര്‍ഷത്തെ സമാജത്തിന്റെ ഭാവി പരിപാടികളെപ്പറ്റി വിശദമായ ചര്‍ച്ച നടന്നു.സംഘടനാ തലത്തില്‍ തഴക്കവും പഴക്കവും കഴിവുമുള്ള വ്യക്തികളെ പുതിയ ഭരണസമിതിയില്‍ ലഭിച്ചത് സമാജത്തിന്റെ വളര്‍ച്ചയ്ക്ക് ഉപകരിയ്ക്കുമെന്ന് പുതിയ പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ചര്‍ച്ചയില്‍ അംഗങ്ങള്‍ ഉയര്‍ത്തിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നടപ്പാക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.ജനറല്‍ സെക്രട്ടറി ഡേവീസ് വടക്കുംചേരി നന്ദി പറഞ്ഞു. ചായ സല്‍ക്കാരത്തോടെ യോഗം അവസാനിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍