ഒരു വർഷം 168 കോടിയുടെ ശില്പങ്ങൾ വിറ്റ് ബ്രിട്ടീഷ് ഇന്ത്യൻ കലാകാരൻ
Monday, May 20, 2019 9:25 PM IST
ലണ്ടൻ: ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ശിൽപ്പി അനീഷ് കപൂർ കഴിഞ്ഞ വർഷം വിറ്റത് 168.25 കോടി രൂപയ്ക്കുള്ള ശില്പങ്ങൾ. 102 കലാവസ്തുക്കളുടെ ആകെ വിലയാണിത്.

മുംബൈ സ്വദേശിയാണ് ഈ അറുപത്തഞ്ചുകാരൻ. ഉരുക്കിൽ നിർമിച്ച ഒരു ശിൽപ്പത്തിനു മാത്രം 9.31 കോടി രൂപ വില കിട്ടി. ഇതാണ് ഏറ്റവുമധികം വില കിട്ടിയ അദ്ദേഹത്തിന്‍റെ കലാസൃഷ്ടി.

ചൈനയിലെ ഷാങ്ഹായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഡംബര പ്രസാധക ഗ്രൂപ്പ് നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കുന്ന ശിൽപ്പിയാണ് അനീഷ് കപൂർ.

അതേസമയം, ഒറ്റ ശിൽപ്പം മാത്രം കണക്കിലെടുത്താൽ ഏറ്റവും കൂടുതൽ വില ലഭിച്ച ഇന്ത്യൻ ശിൽപ്പിയുടെ സൃഷ്ടി അകംബർ പദംസിയുടെ സീറ്റഡ് ന്യൂഡ് എന്ന ശിൽപ്പമാണ്. 11.7 കോടി രൂപ ഇതിനു ലഭിച്ചിരുന്നു. 5.25 കോടിയുടെ ശിൽപ്പങ്ങൾ വിറ്റ അർപ്പിത സിംഗാണ് ഇന്ത്യൻ വനിതകളിൽ ഒന്നാമത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ