തോക്ക് നിയമം കർക്കശമാക്കാൻ സ്വിസ് ജനത വിധിയെഴുതി
Monday, May 20, 2019 9:40 PM IST
ജനീവ: യൂറോപ്യൻ യൂണിയൻ നിർദേശങ്ങൾക്ക് അനുസൃതമായി തോക്ക് നിയമം കർക്കശമാക്കാൻ സ്വിറ്റ്സർലൻഡ് ജനത ഹിതപരിശോധനയിൽ വിധിയെഴുതി. നിയമം കർക്കശമാക്കുന്നതിനെതിരേ വലതുപക്ഷ സംഘടനകൾ കൊണ്ടു വന്ന ഹിതപരിശോധന വലിയ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ടു.

തോക്ക് നിയമം കർക്കശമാക്കണമെന്നാണ് വോട്ടെടുപ്പിൽ പങ്കെടുത്തവരിൽ 63.7 ശതമാനം പേരും അഭിപ്രായപ്പെട്ടത്. മറിച്ചായിരുന്നു വിധിയെങ്കിൽ അതനുസരിക്കാൻ സർക്കാർ നിർബന്ധിതമാകുമായിരുന്നു. യൂറോപ്യൻ യൂണിയന്‍റെ കടുത്ത നടപടികൾക്ക് ഇതു വഴി വയ്ക്കുകയും, അതുവഴി ഷെങ്കൻ മേഖലയിൽ നിന്നു സ്വിറ്റ്സർലൻഡ് പുറത്താകാൻ വരെ ഇതു കാരണമാകുകയും ചെയ്യുമായിരുന്നു.

യൂറോപ്യൻ യൂണിയനിൽ അംഗത്വമില്ലെങ്കിലും ഷെങ്കൻ മേഖലയുടെ ഭാഗമെന്ന നിലയിൽ യൂറോപ്യൻ യൂണിയന്‍റെ പല മാർഗനിർദേശങ്ങളും അംഗീകരിക്കാൻ സ്വിറ്റ്സർലൻഡിനു നിയമപരമായ ബാധ്യതയുള്ളതാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ