യുക്മ കായികമേളകൾ ഇനി ഡിജിറ്റലാകും; സോഫ്റ്റ് വെയര്‍ ലോഞ്ചിംഗ് തോമസ് ഐസക് നിര്‍വഹിച്ചു
Tuesday, May 21, 2019 8:19 PM IST
ലണ്ടൻ: യുക്മ കലാമേളകള്‍ക്കൊപ്പം കായികമേളകളും ഇനി ഡിജിറ്റല്‍ സംവിധാനത്തിലേക്ക് വഴിമാറുന്നു. ജൂണ്‍ 15 ന് നടക്കുന്ന യുക്മയുടെ ദേശീയ കായികമേളയ്ക്കും അതിനു മുന്നോടിയായുള്ള റീജിയണല്‍ കായിക മേളകള്‍ക്കും ഉപയോഗിക്കുന്നതിന് ആവശ്യമായ ഡിജിറ്റല്‍ പ്ലാറ്റ്ഫോം തയാറായിക്കഴിഞ്ഞു.

പൂര്‍ണ സജ്ജമായ സോഫ്റ്റ് വെയറിന്‍റെ ഔദ്യോഗിക ലോഞ്ചിംഗ് കേരളത്തിന്‍റെ ധനമന്ത്രി ഡോ. തോമസ് ഐസക്ക് നിര്‍വഹിച്ചു. യുക്മ നല്‍കിയ സ്വീകരണയോഗത്തില്‍ നടന്ന ഹൃസ്വമായ ചടങ്ങിലായിരുന്നു ലോഞ്ചിംഗ് നടത്തിയത്. സോഫ്റ്റ് വെയര്‍ നിര്‍മാതാവായ പി.എം. ജോസിന് ധനമന്ത്രി യുക്മ ദേശീയ കമ്മിറ്റിയുടെ വകയായുള്ള പ്രത്യേക ഉപഹാരം സമ്മാനിച്ചു.

യുക്മ ദേശീയ പ്രസിഡന്‍റ് മനോജ് കുമാര്‍ പിള്ള അധ്യക്ഷത വഹിച്ച യോഗത്തില്‍ കെഎസ്എഫ്ഇ ചെയര്‍മാന്‍ അഡ്വ. ഫീലിപ്പോസ് തോമസ്, മാനേജിംഗ് ഡയറക്ടർ എ. പുരുഷോത്തമന്‍, യുക്മ ദേശീയ ഭാരവാഹികളായ അലക്സ് വര്‍ഗീസ്, അഡ്വ. എബി സെബാസ്റ്റ്യന്‍, ലിറ്റി ജിജോ, ടിറ്റോ തോമസ് എന്നിവര്‍ പങ്കെടുത്തു.

കഴിഞ്ഞ വര്‍ഷം മുതല്‍ റീജിയണല്‍-നാഷണല്‍ കലാമേളകളില്‍ ഇതേ രീതിയിലുള്ള സോഫ്റ്റ് വെയര്‍ വളരെ വിജയകരമായി ഉപയോഗിച്ചിരുന്നു. എന്നാല്‍ പുതിയ സോഫ്റ്റ് വെയര്‍ പ്ലാറ്റ്ഫോം കാലാനുസൃതമായി പരിഷ്കരിച്ചിട്ടുള്ളതാണ്. ദേശീയ കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ റീജിയണല്‍ നേതൃത്വത്തിനും അതോടൊപ്പം അംഗ അസോസിയേഷനുകള്‍ക്കും ഉപയോഗിക്കത്തക്ക വിധമാണ് പുതിയ സോഫ്റ്റ് വെയര്‍ രൂപകല്പന ചെയ്തിട്ടുള്ളത്.

ഈ പ്രത്യേക സോഫ്റ്റ് വെയര്‍ രൂപകല്പന ചെയ്തു നിർമിച്ചിരിക്കുന്നത് യുക്മ മുന്‍ സൗത്ത് ഈസ്റ്റ് റീജിയണല്‍ സെക്രട്ടറി കൂടിയായ പാലാ രാമപുരം സ്വദേശി പി.എം. ജോസാണ്.

റിപ്പോർട്ട്: സജീഷ് ടോം