പാറ്റേണിറ്റി ലീവ് നിര്‍ബന്ധമാക്കാനുള്ള നിര്‍ദേശം സ്വിസ് സര്‍ക്കാര്‍ തള്ളി
Saturday, May 25, 2019 3:05 PM IST
ജനീവ: കുട്ടി ജനിക്കുമ്പോള്‍ അച്ഛന് നാലാഴ്ച അവധി നിര്‍ബന്ധമായും നല്‍കാനുള്ള നിര്‍ദേശം സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാര്‍ നിരാകരിച്ചു. രണ്ടാഴ്ച അവധി നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന മറ്റൊരു നിര്‍ദേശവും സര്‍ക്കാരിനു മുന്നില്‍ വന്നെങ്കിലും, അതും തള്ളി.

നിലവില്‍ കുട്ടി ജനിക്കുമ്പോള്‍ അമ്മമാര്‍ക്ക് 14 ആഴ്ച 80 ശതമാനം ശമ്പളത്തോടെ അവധി നല്‍കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍, അച്ഛന്‍മാര്‍ക്ക് ഇങ്ങനെയൊരു സൗകര്യമില്ല. അവര്‍ക്ക് ആവശ്യമെങ്കില്‍ ഒരു ഫാമിലി ഡേ എടുക്കാന്‍ മാത്രമാണ് അനുവാദമുള്ളത്.

കുട്ടി ജനിക്കുമ്പോള്‍ അച്ഛന് അവധി കൊടുക്കുന്നതിനെക്കാള്‍ സമൂഹത്തിനു പ്രയോജനപ്പെടുന്നത് ചൈല്‍ഡ് കെയര്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതും, അസുഖമുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്ക് കെയറര്‍ ലീവ് കൂട്ടുന്നതും ആയിരിക്കുമെന്നാണ് സര്‍ക്കാരിന്റെ നിരീക്ഷണം.

രണ്ടാഴ്ച പറ്റേണിറ്റി ലീവ് നിര്‍ബന്ധമാക്കിയാല്‍ പ്രതിവര്‍ഷം 230 മില്യന്‍ ഫ്രാങ്ക് നഷ്ടം വരുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. അതിനു പകരം കെയറര്‍ ലീവ് വര്‍ധിപ്പിച്ചാല്‍ 74 മില്യന്‍ മാത്രമേ അധികമായി ചെലവാകുന്നുള്ളൂ.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍