മാര്‍പാപ്പ റൊമാനിയന്‍ സന്ദര്‍ശനം മെയ് 31 നു ആരംഭിയ്ക്കും
Saturday, May 25, 2019 3:05 PM IST
വത്തിക്കാന്‍സിറ്റി: ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പ ഈ മാസാവസാനം റൊമാനിയ സന്ദര്‍ശിക്കും. നാല്‍പ്പതിനായിരത്തോളം പേര്‍ അദ്ദേഹത്തെ സ്വീകരിക്കാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റൊമാനിയന്‍ പ്രസിഡന്റ് ക്ലോസ് ഇയോഹാനീസിന്റെയും കാത്തലിക് ചര്‍ച്ചിന്റെയും ക്യൂ മാഗസിന്റെയും ക്ഷണപ്രകാരമാണ് മെയ് 31 മുതല്‍ ജൂണ്‍ രണ്ടു വരെയുള്ള അപ്പസ്‌തോലിക സന്ദര്‍ശനം.

ബുക്കാറെസ്റ്റിലെ ചൊത്രൊചെനി പാലസില്‍ റൊമാനിയ പ്രസിഡന്റ് ക്ലോസ് ഇയോഹാനിസ് ഔദ്യോഗികമായി സ്വീകരിയ്ക്കും. പിന്നീട്, മാര്‍പ്പാപ്പ റൊമാനിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ഡാനിയല്‍, പരിശുദ്ധ സുന്നഹദോസ് പാത്രിയര്‍ക്കീസുമായി ചര്‍ച്ചയ്ക്കായി പാത്രിയാര്‍ക്കല്‍ കൊട്ടാരത്തില്‍ എത്തും. മൂന്നുദിന സന്ദര്‍ശനത്തിനിടയില്‍ സെന്റ് ജോസഫ്‌സ് കാത്തലിക് കത്തീഡ്രലില്‍ എത്തി പ്രാര്‍ത്ഥന നടത്തും.1999 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയാണ് അവസാനമായി റൊമാനിയ സന്ദര്‍ശിച്ചത്.

റൊമാനിയയിലെ ജനസംഖ്യയില്‍ 86 ശതമാനം പേരും ക്രിസ്ത്യാനികളാണ്. എന്നാല്‍, ഇവരില്‍ ആറു ശതമാനം മാത്രമാണ് കത്തോലിക്കര്‍. ഹംഗേറിയന്‍ ന്യൂനപക്ഷത്തില്‍പ്പെട്ടവരാണ് ഇവരിലേറെയും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍