ചെയര്‍മാനെ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കണം, ജോസ് കെ മാണിക്ക് പിന്തുണ: പ്രവാസി കേരളാ കോണ്‍ഗ്രസ്
Saturday, May 25, 2019 3:06 PM IST
ലണ്ടന്‍: കേരള രാഷ്ട്രീയത്തിലെ അതികായനും, കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചെയര്‍മാനും ആയിരുന്ന കെ.എം മാണി അന്തരിച്ചതുമൂലം ഒഴിവുവന്ന പാര്‍ട്ടിയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ജനാധിപത്യ രീതിയില്‍ എത്രയും പെട്ടന്ന് തെരഞ്ഞെടുപ്പ് നടത്തണമെന്ന് പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) ഗ്ലോബല്‍ സമിതി ആവശ്യപ്പെട്ടു. കഴിഞ്ഞ അരനൂറ്റാണ്ടിലേറെ തന്റെ ചോരയും നീരുംനല്‍കി കെ.എം മാണിസാര്‍ പടുത്തുയര്‍ത്തിയ കേരളാ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ കുതന്ത്രങ്ങളില്‍ കൂടിയും, വളഞ്ഞ വഴികളില്‍ കൂടിയും പിടിച്ചെടുക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാന്‍ ആവില്ല , പാര്‍ട്ടിയുടെ സംസ്ഥാന കമ്മറ്റി എത്രയും വേഗം വിളിച്ചു കൂട്ടി ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തണം. മാണിസാറിന്റെ മനസിനൊപ്പമാകണം തീരുമാനങ്ങള്‍, മാണിസാറിന്റെ ആത്മാവിനു മുറിവേല്‍ക്കുന്ന രീതിയില്‍ ചിലര്‍ നടത്തുന്ന പ്രതികരണങ്ങളും പ്രവര്‍ത്തികളും അവസാനിപ്പിക്കണം . പ്രവര്‍ത്തകരുടെയും , ഭൂരിപക്ഷത്തിന്റെയും അടിസ്ഥാനത്തില്‍ ആകണം തെരഞ്ഞെടുപ്പ് . മാണിസാര്‍ ജീവിച്ചിരുന്നപ്പോഴും അവസാനമായി കോട്ടയത്തെ പാര്‍ലമെന്റ് സ്ഥാനാര്‍ഥിയായി തോമസ് ചാഴികാടനെ പ്രഖ്യാപിച്ചതും ഒക്കെ ഈ രീതിയില്‍ ആണ് . അല്ലാതെ സ്വയം പ്രഖ്യാപിതരായി സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും ബലികൊടുക്കുവാന്‍ അനുവദിക്കുകയില്ല .പാര്‍ട്ടിയെ ഒറ്റകെട്ടായി നയിക്കാന്‍ കഴിവും പ്രാപ്തിയുമുള്ള കേരളാ കൊണ്‌ഗ്രെസ്സ് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി എംപിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സമ്പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായി പ്രവാസി കേരള കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി ഭാരവാഹികള്‍ പറഞ്ഞു.

ഗ്ലോബല്‍ ഭാരവാഹികളായ യുകെ ഘടകം പ്രസിഡന്റ് ഷൈമോന്‍ തോട്ടുങ്കല്‍, ഓസ്‌ട്രേലിയ ഘടകം പ്രസിഡന്റ് റജി പാറക്കന്‍ , അമേരിക്കന്‍ ഘടകം പ്രസിഡന്റ് ജെയ്ബു കുളങ്ങര , അയര്‍ലന്‍ഡ് ഘടകം പ്രസിഡന്റ് രാജു കുന്നക്കാട്ട് , യുഎഇ ഘടകം പ്രസിഡന്റ് എബ്രഹാം പി സണ്ണി,. ന്യൂസിലാന്‍ഡ് ഘടകം പ്രസിഡന്റ് ബിജോമോന്‍ ചേന്നാത് , ഖത്തര്‍ ഘടകം പ്രസിഡന്റ് ജോണ്‍ സി എബ്രഹാം എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. വന്‍ ഭൂരിപക്ഷത്തില്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട തോമസ് ചാഴികാടനെ നേതാക്കള്‍ അനുമോദിച്ചു.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍