യാത്രക്കാർക്ക് വൈദ്യസഹായം; സിറ്റി റെയിൽവേ സ്റ്റേഷനിൽ ആരോഗ്യകേന്ദ്രം തുറന്നു
Tuesday, June 4, 2019 10:45 PM IST
ബംഗളൂരു: ക്രാന്തിവീര സങ്കൊള്ളി രായണ്ണ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്കായി ആധുനിക സൗകര്യങ്ങളോടു കൂടിയ ആരോഗ്യകേന്ദ്രം പ്രവർത്തനമാരംഭിച്ചു. മണിപ്പാൽ ഹോസ്പിറ്റൽ ഗ്രൂപ്പിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച 24 മണിക്കൂറും പ്രവർത്തിക്കുന്ന ആരോഗ്യകേന്ദ്രത്തിൽ ഒരു ഡോക്ടറുടെയും നഴ്സിന്‍റെയും സൗജന്യസേവനം ലഭ്യമാണ്. അടിയന്തരഘട്ടങ്ങളിൽ രോഗിയെ ട്രെയിനിൽ നിന്ന് ആരോഗ്യകേന്ദ്രത്തിലെത്തിക്കാൻ ബാറ്ററി വാഹനവും ഒരുക്കിയിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള രോഗികളെ ആശുപത്രികളിലേക്ക് മാറ്റാൻ ആംബുലൻസ് സൗകര്യവും ലഭ്യമാണ്.

നഗരത്തിലെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ഇത്തരത്തിൽ ആരോഗ്യകേന്ദ്രങ്ങൾ തുടങ്ങാൻ റെയിൽവേ പദ്ധതിയിട്ടിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ യശ്വന്തപുര, കന്‍റോൺമെന്‍റ്, ബംഗാരപേട്ട് റെയിൽവേ സ്റ്റേഷനുകളിലാണ് ആരോഗ്യകേന്ദ്രങ്ങൾ തുറക്കുന്നത്.